22
Thursday
April 2021

ജലവിഭവ വകുപ്പിനു കീഴില്‍ പുരോഗമിക്കുന്ന പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം

Google+ Pinterest LinkedIn Tumblr +

പാലക്കാട്: ജില്ലയില്‍ ജലവിഭവ വകുപ്പിനു കീഴില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന എല്ലാ പദ്ധതികളും ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍ദേശിച്ചു. ജലവിഭവ വകുപ്പ് മന്ത്രിയായതിനു ശേഷം ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആദ്യ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന പദ്ധതികള്‍ക്കും പുഴ സംരക്ഷണത്തിനായുള്ള പദ്ധതികള്‍ക്കും പ്രാധാന്യം നല്‍കി നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി എ. കെ ബാലന്റെ കൂടി സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്. ജലസേചന വകുപ്പിന് കീഴിലുള്ള മുഖ്യ കുടിവെള്ള പദ്ധതികളുടെയും വിവിധ മണ്ഡലങ്ങള്‍ക്ക് കീഴില്‍ വരുന്ന മറ്റു പദ്ധതികളുടെയും നിലവിലെ സ്ഥിതിഗതികളും പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ട കാലയളവിനെപ്പറ്റിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലയില്‍ രൂക്ഷമായ ജലക്ഷാമം നേരിടുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ലോറിയില്‍ വെള്ളം എത്തിക്കണം. ജലവിതരണത്തിനായി റോഡുകള്‍ വെട്ടിമുറിച്ച് പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനെതിരെ നടപടിയെടുക്കുമെന്നും പൊതുമരാമത്ത് വകുപ്പുമായി സംയോജിച്ച് വേണം ഇത്തരം പദ്ധതികള്‍ നടപ്പാക്കേണ്ടതെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.

അട്ടപ്പാടിയിലെ സമഗ്ര കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും ഇതുവഴി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹാരം കാണാമെന്നും മന്ത്രി എ.കെ ബാലന്‍ യോഗത്തില്‍ പറഞ്ഞു. ശിരുവാണി ഡാമില്‍ നിന്നും തമിഴ്നാടിന് കൃത്യമായി അളന്ന് ജലം നല്‍കാനുള്ള സംവിധാനം ഉടന്‍ നടപ്പിലാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

യോഗത്തില്‍ എം.എല്‍.എ മാര്‍ അതത് മണ്ഡലങ്ങളിലെ പദ്ധതികളുടെ പുരോഗതി വകുപ്പ് തല ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു വിലയിരുത്തി. മലമ്പുഴ റിംഗ് റോഡ് നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും തെക്കേ മലമ്പുഴയില്‍ പാലം നിര്‍മ്മിക്കാന്‍ ജലവിഭവ വകുപ്പില്‍ നിന്നും സ്ഥലം വിട്ടുകിട്ടണമെന്നും മലമ്പുഴ എം എല്‍.എ യും ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്റെ പ്രതിനിധി യോഗത്തില്‍ ആവശ്യപ്പെട്ടു. രൂക്ഷമായ വരള്‍ച്ച നേരിടുന്ന മണ്ഡലമെന്ന നിലയില്‍ മലമ്പുഴ കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴ പാലം നിര്‍മ്മാണത്തിനായി സ്ഥലം വിട്ടുനല്‍കാനുള്ള നടപടി പൂര്‍ത്തിയാക്കി കഴിഞ്ഞുവെന്ന് ജലവിഭവ വകുപ്പ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.

മണ്ണാര്‍ക്കാട് മണ്ഡലത്തിലെ മണ്ണാര്‍ക്കാട്-തെങ്കര കുടിവെള്ള പദ്ധതിയുടെ പ്ലാന്റ് നിര്‍മ്മാണവും തച്ചനാട്ടുകര കുടിവെള്ള പദ്ധതി ആദ്യഘട്ടവും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. പട്ടാമ്പി മണ്ഡലത്തില്‍ ഓപ്പറേറ്റര്‍മാരില്ലാത്തതിനാല്‍ മുടങ്ങിക്കിടക്കുന്ന നിരവധി സ്‌കീമുകള്‍ ഉടന്‍ ആരംഭിക്കണമെന്ന ആവശ്യം പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്സിന്‍ യോഗത്തില്‍ മുന്നോട്ട് വെച്ചു. കൂടാതെ മുടങ്ങി കിടക്കുന്ന ചെങ്ങണാംകുന്ന് റെഗുലേറ്റര്‍ പദ്ധതിയും തിരുവേഗപ്പുറ റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിയും പൂര്‍ത്തിയാക്കാനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഒറ്റപ്പാലം മണ്ഡലത്തിലെ ലക്കിടി പേരൂര്‍ പഞ്ചായത്തിലെ 7000 ത്തോളം കുടുംബങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കാനുള്ള പദ്ധതി ജനുവരി 15 നകം പൂര്‍ത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കി. അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന അമ്പലപ്പാറ കുടിവെള്ള പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് ഒറ്റപ്പാലം എം.എല്‍.എ പി. ഉണ്ണി ആവശ്യപ്പെട്ടു.

ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, കോങ്ങാട് എം എല്‍ എ കെ.വി.വിജയദാസ്, പാലക്കാട് എം എല്‍ എ ഷാഫി പറമ്പില്‍, മണ്ണാര്‍ക്കാട് എം എല്‍ എ എന്‍.ഷംസുദ്ദീന്‍, നെന്മാറ എം.എല്‍.എ കെ.ബാബു, ജലവിഭവ വകുപ്പ് മാനേജിംഗ് ഡയറക്ടര്‍ കൗശിക് , ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍ എന്നിവരും യോഗത്തില്‍ സംസാരിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com