ആലപ്പുഴ: ജില്ലയില്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്ക കേസുകള്‍ വര്‍ധിക്കുന്നതായി വനിതാ കമ്മീഷന് നിരീക്ഷണം. ഭൂരിഭാഗം സ്വത്ത് തര്‍ക്ക കേസുകളിലും ഇരകളാകുന്നത് വയോധികരാണെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന് മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
81 കേസുകളാണ് പരിഗണിച്ചത്. പുതുതായി 70 കേസുകളും പരിഗണിച്ചു. ഏഴു പരാതികള്‍ തീര്‍പ്പാക്കി. ഭര്‍ത്താവ് മരണപ്പെട്ടാല്‍ ഭാര്യയോ മക്കളോ ആയിരിക്കും നിയമപരമായി അദ്ദേഹത്തിന്റെ സ്വത്തിന്റെ ഒന്നാമത്തെ അവകാശികള്‍. എന്നാല്‍ മിക്ക കേസുകളിലും ഭര്‍ത്താവിന്റെ സഹോദരങ്ങളോ വീട്ടുകാരോ ഇത് കൈക്കലാക്കാറാണ് പതിവ്. ആലപ്പുഴയില്‍ രോഗിയായ മകന് അച്ഛനെതിരെ സ്വത്താവശ്യപ്പെട്ട് കേസുനല്‍കിയിരുന്നു. രോഗ വിവരം മറച്ചുവച്ച് വിവാഹം കഴിക്കാന്‍ അച്ഛന് നിര്‍ബന്ധിച്ചുവെന്നും സാമ്പത്തിക സൗകര്യമുള്ള അച്ഛന് മകന്റെ കുടുംബത്തെ സഹായിക്കുന്നില്ലെന്നുമായിരുന്നു പരാതി.
വിവാഹം കഴിഞ്ഞ വര്‍ഷങ്ങളിലെ ആവശ്യങ്ങള്‍ക്കായി മകന്റെ ഭാര്യയുടെ സ്വത്തും സ്വര്‍ണവും അച്ഛന് ഉപയോഗിച്ചതിനാല്‍ രോഗിയായ മകന് നിലവില്‍ സമ്പാദ്യമൊന്നുമില്ല. ഒടുവില്‍ അച്ഛന്റെ കാലശേഷം ഇഷ്ടദാനമായി അഞ്ചുസെന്റ് സ്ഥലം നല്‍കാമെന്നറിയിച്ചതോടെ പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ചു. ഈ മാസം 27ന് നടക്കുന്ന അടുത്ത സിറ്റിങ്ങില്‍ ഒത്തുതീര്‍പ്പുണ്ടാക്കും. ആര്.ഡി.ഒമാര്‍ സ്ഥലം ബാങ്കില്‍ പണയപ്പെടുത്തി ഇരയ്്ക്ക് സഹായം നല്കാന് കഴിയുന്ന റിവേഴ്സ് മോട്ഗേജ് സംവിധാനം ഫലപ്രദമായി ഉപയോഗിച്ചാല്‍ ഒരു പരിധിവരെയുള്ള സ്വത്തുതര്‍ക്ക കേസുകള്‍ പരിഹരിക്കാനാകുമെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ അധികാരം അധികം ആര്.ഡി.ഒമാരും ഉപയോഗിക്കാറില്ലെന്നും അവര്‍ പറഞ്ഞു. ലോണ്‍ എടുക്കാനെന്ന വ്യാജേന മക്കള്‍ അമ്മമാരുടെ സ്വത്തെഴുതി വാങ്ങി അവരെ കബളിപ്പിക്കുന്ന പരാതികളും വര്‍ധിക്കുന്നുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരുടെ മൂന്നുപരാതിയും കമ്മീഷന് മുന്നിലെത്തി. തൊഴിലിടങ്ങളിലെ പീഡനമായിരുന്നു വിഷയം. തിരുവനന്തപുരം സ്വദേശിയായ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറായ വനിതയ്ക്ക് ജോലി ചെയ്ത ദിവസങ്ങളിലെ ശമ്പളം അന്യായമായി പിടിച്ചുവച്ച പരാതിയും കമ്മീഷന് പരിഗണിച്ചു. കമ്മീഷന് ഇടപെട്ടെങ്കിലും ജില്ലാ ആശുപത്രി അധികാരികള്‍ ശമ്പളം നല്കാന് തയ്യാറായില്ല. തുടര്‍ന്നു വീണ്ടും കമ്മീഷന് കര്‍ശന താക്കീത് നല്‍കുകയും വ്യാഴാഴ്ച ശമ്പളം നല്കാന് അറിയിക്കുകയും ചെയ്തു. കമ്മീഷനംഗം എം.എസ് താര,ജെ.മിനീസ പങ്കെടുത്തു.