കോട്ടയം: പ്രളയത്തെ തുടര്‍ന്ന് കിടങ്ങൂര്‍ മീനച്ചിലാറ്റിലെ കാവാലിപുഴ കടവില്‍ രൂപം കൊണ്ട മണ്‍ത്തിട്ട സംരക്ഷിക്കുന്നതിന് വേണ്ടി ജനകീയകൂട്ടായ്മ രൂപീകരിച്ചു. കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്ത്, ജനമൈത്രി പോലീസ്, മീനച്ചിലാര്‍ നദീ സംരക്ഷണ സമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ജനകീയകൂട്ടായ്മക്ക് രൂപം നല്‍കിയത്. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈബി മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു.
മീനച്ചിലാറിലെ ഈ മണ്‍തിട്ട മിനി ബീച്ചായി സംരക്ഷിക്കുന്നതിനും സൗന്ദര്യവത്കരിക്കുന്നതിനും പദ്ധതി തയ്യാറാക്കും. സാംസ്കാരിക കൂട്ടായ്മക്കുള്ള വേദിയാക്കി ഈ മണല്‍ത്തിട്ടയെ മാറ്റാനാണ് ജനകീയ കൂട്ടായ്മയുടെ തീരുമാനം. 200 മീറ്ററോളം നീളത്തിലും 100 മീറ്റര്‍ വീതിയിലുമായി അരയേക്കറോളമാണ് മണല്‍ത്തിട്ട രൂപം കൊണ്ടിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശാന്തി ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. പാലാ ഡിവൈഎസ്പി ഷാജി മോന് ജോസഫ് നദീ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അഡ്വ.കെ അനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പ്രകാശ് ബാബു, ജ്യോതി ബാലകൃഷ്ണന്, ജനമൈത്രി പോലിസ് ഉദ്യോഗസ്ഥന് പി. ജി. സജികുമാര്‍, മീനച്ചിലാര്‍ നദീ സംരക്ഷണ സമിതി പ്രസിഡന്റ് ഡോ. എസ്. രാമചന്ദ്രന്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.