മലപ്പുറം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിലമ്പൂര്‍ മണ്ഡലത്തിലെ വിവിധ സ്കൂളുകളിലായി 17.72 കോടിയുടെ പദ്ധതികള്‍ക്കു തുടക്കമിട്ടതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. നിയമസഭയില്‍ പി.വി. അന്‍വര്‍ എം.എല്‍.എ യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
മികവിന്റെ ക്രേന്ദ്രമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂര്‍ ഗവ.മാനവേദന് ഹയര്‍ സെക്കണ്ടറിസ്കൂളില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതു കൂടാതെ അടിസ്ഥാന സൗകര്യ വികസനത്തിനായി പൂക്കോട്ടും പാട് ജി.എച്ച്.എസ്.എസ് ന് 2.99 കോടിയും ജി.എച്ച്.എസ്.എസ് എടക്കരക്ക് 2.73 കോടിയും അനുവദിച്ചു. ജി.എച്ച്.എസ്.എസ് മൂത്തേടത്ത്, ജി.എച്ച്.എസ്.എസ് പുല്ലങ്കോട് സ്കൂളുകള്‍ക്ക് മൂന്നു കോടി വീതവും അനുവദിച്ചു. ഈ പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും.
കെട്ടിട നിര്‍മ്മാണത്തിനായി പള്ളിക്കുത്ത് ഗവ.യു.പി സ്കൂളിന് ഒരു കോടിയും അനുവദിച്ചിട്ടുണ്ട്. കൂടാതെ ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്കൂളെന്ന പരിഗണനയില്‍ മരുത ഗവണ്മെന്റ് ഹൈസ്കൂളിന് ഭൗതിക സൗകര്യ വികസനത്തിനായി മൂന്ന് കോടി അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു.