പാരിസ്: ഇന്ത്യ നിര്‍ദേശിച്ചതു കൊണ്ടാണ് റഫേല്‍ യുദ്ധവിമാന ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഉള്പ്പെടുത്തുയതെന്ന പുതിയ വെളിപ്പെടുത്തലുമായി മുന്‍ ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാങ്കോ ഒലാന്ദെ.
ഫ്രഞ്ച് കമ്പനിയായ ദാസ്സോയും അംബാനിയുടെ റിലയന്‍സ് ഡിഫന്‍സുമായി കരാറിലെത്തിയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെ അവകാശവാദം പൊളിക്കുന്നതാണ് ഒലാന്ദെയുടെ വെളിപ്പെടുത്തല്‍. മീഡിയാപാര്‍ട്ട് എന്ന ഫ്രഞ്ച് മാഗസിനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍.
യു.പി.എ സര്‍ക്കാര്‍ ഒപ്പുവെച്ച റഫേല്‍ കരാറില്‍ നിന്ന് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്.എ.എല്‍) മാറ്റിക്കൊണ്ടാണ് മോദി സര്‍ക്കാറും ഫ്രാന്‍സുമായുള്ള കരാറില്‍ റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്തിയത്. പ്രതിരോധ നിര്‍മാണ രംഗത്ത് ഏറെ പരിചയമുള്ള എച്ച്.എ.എല്ലിനെ മാറ്റിയാണ് ഒരു വിമാനം പോലും നിര്‍മിച്ചിട്ടില്ലാത്ത, ഈയിടെ മാത്രം രൂപീകൃതമായ, കോടിക്കണക്കിന് കടബാധ്യതയുള്ള അനില്‍ അംബാനിയുടെ കമ്പനിയെ ഉള്‍പ്പെടുത്തിയത്.
കരാറില്‍ ഭേദഗതി വരുത്തിയത് നരേന്ദ്ര മോദി തന്റെ സുഹൃത്തായ അംബാനിയെ സഹായിക്കാന്‍ വേണ്ടിയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപനം നടത്തുന്നതിനു 12 ദിവസം മുന്‍പു മാത്രം തട്ടിക്കൂട്ടിയതാണ് റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് എന്ന കമ്പനിയെന്നാണു കോണ്‍ഗ്രസ് ആരോപിക്കുന്നത്. റഫേല്‍ വിമാനങ്ങളുടെ വില അനാവശ്യമായി വര്‍ധിപ്പിക്കുക മാത്രമല്ല, അംബാനിയെ സഹായിക്കുക കൂടിയാണ് പുതുക്കിയ കരാറില്‍ മോദിയുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുറന്നടിച്ചു.
അതേസമയം, ഒലാന്ദെയുടെ വെളിപ്പെടുത്തല്‍ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. ഫ്രഞ്ച് സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ഇക്കാര്യത്തില്‍ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു. ന്യൂഡല്‍ഹിയിലെ ഫ്രഞ്ച് എംബസിയോടു പ്രതികരണം ആരാഞ്ഞെങ്കിലും മറുപടിക്കു തയാറായില്ല.
2016-ല്‍ ന്യൂഡല്‍ഹിയില്‍ വെച്ചാണ് 59,000 കോടി രൂപക്ക് 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങാമെന്ന കരാറില്‍ ഇന്ത്യ ഫ്രാന്‍സുമായി കരാര്‍ ഒപ്പുവെച്ചത്. 2016 അവസാനത്തില്‍ റിലയന്‍സിന് 49 ശതമാനം ഓഹരിയുള്ള ദാസ്സോ റിലയന്‍സ് എയ്റോസ്പേസ് ലിമിറ്റഡ് എന്ന കമ്പനി നിലവില്‍ വരികയും ചെയ്തു.