11
Tuesday
May 2021

മഴക്കെടുതി; ഊര്‍ജിത ശുചീകരണം നടത്തണമെന്ന് ജില്ലാ കളക്ടര്‍

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: മഴക്കെടുതിക്കിരയായ സ്ഥലങ്ങളില്‍ വാര്‍ഡ്തല ശുചിത്വസമിതികളുടെ നേതൃത്വത്തില്‍ അടിയന്തിരമായി ഊര്‍ജിത ശുചീകരണം നടത്തണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദേശിച്ചു. മഴക്കെടുതി സംബന്ധിച്ച തുടര്‍നടപടികള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചീകരണ, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, ശുചിത്വമിഷന്‍, കുടുംബശ്രീ, റവന്യുവകുപ്പ് തുടങ്ങിയവയുടെ പങ്കാളിത്തത്തിലായിരിക്കും നടത്തുക. വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തുന്നെന്ന് ഉറപ്പാക്കുന്നതിന് നിരന്തര നിരീക്ഷണം നടത്തുന്നതിന് തിരുവല്ല ആര്‍ഡിഒ റ്റി.കെ. വിനീതിനെയും അടൂര്‍ ആര്‍ഡിഒ എം.എ. റഹീമിനെയും കളക്ടര്‍ ചുമതലപ്പെടുത്തി.

ശുചീകരണം, രോഗപ്രതിരോധ പ്രവര്‍ത്തനം, കുടിവെള്ള വിതരണം എന്നിവയ്ക്കായിരിക്കും തുടര്‍ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ നല്‍കുക. മഴക്കെടുതിക്കിരയായ മേഖലകളില്‍ ശുദ്ധമായ കുടിവെള്ളം കിട്ടുന്നുവെന്ന് ഉറപ്പാക്കണം. ഈ പ്രദേശങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുടെ തനതുഫണ്ട് ഉപയോഗിച്ച് കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള സാധ്യത ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പരിശോധിച്ച് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ആവശ്യമായ നടപടി സ്വീകരിക്കണം. കുടിവെള്ള വിതരണം ആവശ്യമായ സ്ഥലങ്ങളുടെ കൃത്യമായ വിവരം ബന്ധപ്പെട്ട തഹസീല്‍ദാര്‍മാര്‍ നല്‍കണം. മഴവെള്ളം കയറിയ വീടും പരിസരവും വൃത്തിയാക്കുന്നതിന് ആവശ്യമായ ബോധവത്കരണം ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കണം. ആവശ്യമായ സ്ഥലങ്ങളില്‍ ക്ലോറിനേഷന്‍ നടത്തണം. മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടം ഉദ്യോഗസ്ഥര്‍ ശരിയായി വിലയിരുത്തണം. കണക്കുകളില്‍ അപാകത സംഭവിക്കാതെ ഇക്കാര്യം കൃത്യമായി നിര്‍വഹിക്കണം. നാശനഷ്ടങ്ങള്‍ അടിയന്തിരമായി വിലയിരുത്തി നല്‍കുന്നതിന് എല്‍എസ്ജിഡി എന്‍ജിനിയര്‍മാരും ഓവര്‍സിയര്‍മാരും ശ്രദ്ധിക്കണം. തുടര്‍നടപടികളില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ഉടന്‍തന്നെ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും കളക്ടര്‍ പറഞ്ഞു. മഴക്കെടുത്തിക്കിരയായ എല്ലാ സ്ഥലങ്ങളിലും മെഡിക്കല്‍ ക്യാമ്പുകള്‍ തുടരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. ഡിഎംഒ ബന്ധപ്പെട്ട തഹസീല്‍ദാരുമായി കോഓര്‍ഡിനേറ്റ് ചെയ്തു പ്രവര്‍ത്തിക്കണം. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ ഈ വിവരവും റിപ്പോര്‍ട്ട് ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.

പന്തളം ചേരിക്കലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ജലസേചന വകുപ്പിന്റെ ഐരാണിക്കുഴിയിലെ ഷട്ടര്‍ തുറക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സിനു സമീപം ജനവാസകേന്ദ്രത്തിലെ വെള്ളം നീക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് തിരുവല്ല തഹസീല്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. നാല്‍പ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായിട്ടുള്ളതെന്ന് കളക്ടര്‍ പറഞ്ഞു. വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അടിയന്തിരമായി നാശനഷ്ടം തിട്ടപ്പെടുത്തി എല്ലാ വകുപ്പുകളും കളക്ടറേറ്റിലേക്ക് നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. മഴക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ തുറന്നിരുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 106ല്‍ നിന്ന് 70 ആയി കുറഞ്ഞിട്ടുണ്ട്. വലിയ പ്രതിസന്ധിയിലൂടെയാണ് നാട് കടന്നു പോയത്.

വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. ശുചീകരണ, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ കോളനികള്‍ ഉള്‍പ്പെടെയുള്ള ജനവാസ കേന്ദ്രങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. ഈ പ്രദേശങ്ങളിലെ കിണര്‍ വെള്ളം നല്ലതാണോയെന്ന് ഉറപ്പാക്കണം. ശുചീകരണത്തിന്റെ ഭാഗമായി ക്ലോറിനേഷന്‍ നടത്തണം. തിളപ്പിച്ചാറിയ ജലം മാത്രമേ ആഹാരം പാചകം ചെയ്യുന്നതിനും പാത്രങ്ങള്‍ കഴുകുന്നതിനും ഉപയോഗിക്കാവു. മലിന ജലത്തില്‍ കുളിക്കുന്നത് പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ കാരണമാകുമെന്നതിനാല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കളക്ടര്‍ പറഞ്ഞു. കൃഷി നാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് ഉടന്‍ അപേക്ഷ ക്ഷണിക്കുമെന്ന് കൃഷി വകുപ്പിന്റെ പ്രതിനിധി കളക്ടറെ അറിയിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com