പത്തനംതിട്ട: വനം അദാലത്തിൽ റാന്നി എംഎൽഎ റാജു എബ്രഹാം മന്ത്രിക്ക് നേരിട്ട് നിവേദനം നൽകി. റാന്നി, കോന്നി നിയോജകമണ്ഡലങ്ങളിലായി 1900 റോളം കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരണമെന്നായിരുന്നു പ്രധാന ആവശ്യം. ഇവർക്ക് പട്ടയം നൽകാനുള്ള ജോയിന്റ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. കർഷകർ നട്ടുവളർത്തിയ മരങ്ങൾ വെട്ടാനുൾപ്പെടെയുള്ള ഉപാധിരഹിത പട്ടയം ഇവർക്ക് നൽകണമെന്നു നിവേദനത്തിൽ പറയുന്നു. വനത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വനം ഇല്ലാത്ത പഞ്ചായത്തുകളിലും കാട്ടുമൃഗങ്ങളുടെ ശല്യം ഒരുപോലെ രൂക്ഷമായിരിക്കുന്നുവെന്നും ഇതിന് പരിഹാരം കാണണമെന്നുമായിരുന്നു നിവേദനത്തിലെ മറ്റൊരു ആവശ്യം.
പട്ടയം ലഭിച്ച ഭൂമിയിലും 01.01.1977 മാനദണ്ഡപ്രകാരം പട്ടയം ലഭിക്കാൻ പോകുന്ന ഭൂമിയിലും ഇപ്പോൾ മരം മുറിക്കാൻ കൃഷിക്കാർക്ക് അവകാശമില്ല. ഇവിടങ്ങളിലെ 90 ശതമാനം മരങ്ങളും കൈവശകർഷകർതന്നെ വച്ചുപിടിപ്പിച്ചവയാണ്. റിസർവ് സ്റ്റാറ്റസിലുള്ള ഈ ഭൂമി ഡിസ് റിസർവ് ചെയ്ത് കൈവശ കർഷകർക്ക് നൽകണമെന്നും രാജു എബ്രഹാം എൽഎൽഎ നിവവേദത്തിൽ ആവശ്യപ്പെട്ടു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പത്തനംതിട്ട ജില്ലാ വനം അദാലത്ത് വനം വകുപ്പ് മന്ത്രി അഡ്വ.കെ രാജു ഉദ്ഘാടനം ചെയ്തു. അദാലത്തുകൾക്കെല്ലാം മാതൃകയാക്കാവുന്ന തരത്തിലാണ് വനം അദാലത്തുകൾ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഭൂമി സംബന്ധമായ പരാതികളൊഴികെ വന സംബന്ധിയായ പൊതുജനങ്ങളുടെ പരാതികൾക്ക് അടിയന്തര പരിഹാരം കാണുന്നതിന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന അദാലത്തിൽ വേദിയിൽ തന്നെ പ്രശ്ന പരിഹാരം നടത്തി ഉത്തരവുകൾ കൈമാറും. നിരസിക്കുന്നവ സംബന്ധിച്ച കാരണങ്ങൾ അവിടെ വച്ചുതന്നെ പരാതിക്കാരെ ബോധ്യപ്പെടുത്തുന്ന സമീപനമാണ് അദാലത്തിൽ സ്വീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. അദാലത്ത് ദിനത്തിൽ ലഭിച്ചതൊഴികെ എല്ലാ പരാതികളും തീർപ്പാക്കി പത്തനംതിട്ട ജില്ല വന അദാലത്ത് ശ്രദ്ധേയമായി.