പത്തനംതിട്ട: ജീവിത പ്രശ്നമല്ലേ…. വരാതിരിക്കാന്‍ കഴിയുമോ? പ്രായത്തിന്റെ ശാരീരിക അവശതകള്‍ക്കിടയിലും പ്രളയത്തില്‍ നഷ്ടപ്പെട്ട റേഷന്‍ കാര്‍ഡ് വീണ്ടെടുക്കുന്നതിനായാണ് പങ്കജാക്ഷിയമ്മ അദാലത്തിലെത്തിയത്. തിരുവല്ല മംഗലശേരി കടവ് സ്വദേശിനിയായ 68 വയസുകാരി പങ്കജാക്ഷിയമ്മയ്ക്ക് പ്രളയത്തില്‍ സര്‍വ്വവും നഷ്ടപെട്ടു. സമീപത്തുള്ള ക്യാമ്പിലായിരുന്നു പങ്കജാക്ഷിയമ്മയും കുടുംബവും താമസിച്ചിരുന്നത്. പ്രളയത്തിന് ശേഷം ജീവിതം ഒന്നില്‍ നിന്നും പുനരാരംഭിച്ചപ്പോഴും വില്ലനായത് റേഷന്‍ കാര്‍ഡ് ഇല്ലാതായത് ആയിരുന്നു. വാര്‍ഡ് മെമ്പര്‍ അജിതയുടെ നിര്‍ദ്ദേശ പ്രകാരമാണ് പങ്കജാക്ഷിയമ്മ സംസ്ഥാന ഐടി മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച അദാലത്തിലെത്തിയത്. തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.ജി. സത്യപാല്‍ പുതിയ റേഷന്‍ കാര്‍ഡ് പങ്കജാക്ഷിയമ്മയ്ക്ക് അദാലത്തില്‍ കൈമാറി.
തിരുവല്ല മുനിസിപ്പാലിറ്റി നിര്‍മ്മിച്ച് നല്കിയ വീട്ടിലാണ് പങ്കജാക്ഷിയമ്മയും കുടുംബവും താമസിക്കുന്നത്. സമീപത്തുള്ള അമ്പലത്തില്‍ ചെറിയ ചെറിയ ജോലികള്‍ ചെയ്ത് കിട്ടുന്ന തുച്ഛമായ തുക മാത്രമാണ് പങ്കജാക്ഷിയമ്മയുടെ ഏക വരുമാനം. മുന്‍പുണ്ടായ അപകടത്തില്‍ ശരീരമാസകലം നിരവധി പരിക്കുകള്‍ പറ്റിയിട്ടുണ്ടെങ്കിലും ഇവ വകവെയ്ക്കാതെയാണ് പ്രതീക്ഷയോടെ അദാലത്തിനെത്തിയത്. നഷ്ടമായ ഇലക്ഷന് ഐഡി കാര്‍ഡും, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിനുമുള്ള നടപടി ക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയാണ് പങ്കജാക്ഷിയമ്മ മടങ്ങിയത്. റേഷന്‍ കാര്‍ഡുമായി മടങ്ങുമ്പോള്‍ ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും ആശ്വാസത്തിന്റെ പുതുവെളിച്ചം പങ്കജാക്ഷിയമ്മയുടെ മുഖത്ത് തെളിഞ്ഞു നിന്നു.
രോഗത്തിലും പ്രളയത്തിലും തളരാത്ത മനസുമായി അദാലത്തിനെത്തിയ ഓമനയ്ക്ക് നഷ്ടപ്പെട്ട രേഖകള്‍ തിരികെ ലഭിച്ചപ്പോള്‍ വേദനകള്‍ക്കിടയിലും ആ മുഖത്ത് ചെറുപുഞ്ചിരി വിടര്‍ന്നു. നിരണം പഞ്ചായത്തിലെ കുറ്റപ്പടിക്കല് വീട്ടില്‍ കെ.കെ. ഓമനയ്ക്കാണ് പ്രളയത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ വേഗത്തില്‍ ലഭിച്ചത്. 65 വയസുകാരിയായ ഓമന കാന്‍സര്‍ രോഗബാധിതയാണ്. കഴിഞ്ഞ 12 വര്‍ഷമായി തിരുവനന്തപുരം ആര്‍സിസിയിലെ ചികിത്സയിലാണ് ഇവര്‍. ജില്ലയെ ബാധിച്ച പ്രളയത്തില്‍ നഷ്ടമായത് ഒരു ആയുസിന്റെ മുഴുവന്‍ പ്രതീക്ഷകള്‍ കൂടിയായിരുന്നു.
വിധവയായ ഓമനയും മകളും അടങ്ങുന്ന ഈ കുടുംബത്തിന്റെ ഏക ആശ്രയം സര്‍ക്കാര്‍ നല്കുന്ന വിധവാ പെന്ഷന് മാത്രം ആണ്. പ്രളയത്തില്‍ ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമാണ് ഓമനയ്ക്ക് നഷ്ടമായ രേഖകള്‍. ഇവ എങ്ങനെ പുതുക്കിയെടുക്കും എന്നറിയാതെ വിഷമിച്ച ഓമനയ്ക്ക് അദാലത്തിനെപ്പറ്റി പറഞ്ഞ് കൊടുത്തത് വാര്‍ഡ് മെമ്പറാണ്. നൂലാമാലകളുടെ കെട്ടുകള്‍ പ്രതീക്ഷിച്ചാണ് അദാലത്തിനായി ഓമന എത്തിയത്. എന്നാല്‍ സംസ്ഥാന ഐ ടി മിഷന്റെ കീഴില്‍ വിവിധ വകുപ്പുകള്‍ എകോപിപ്പിച്ച് നടത്തിയ ക്യാമ്പിലൂടെ നിമിഷങ്ങള്‍ക്കകം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ലഭ്യമായി. റേഷന്‍ കാര്‍ഡിന്റെ നടപടിക്രമങ്ങളും അതി വേഗത്തില്‍ പൂര്‍ത്തിയാക്കി. അടുത്ത ദിവസം തന്നെ ജില്ലാ സപ്ലൈ ഓഫീസില്‍ നിന്നും പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള ക്രമീകരണവും അദാലത്തില്‍ ലഭ്യമായി. നിര്‍ദ്ധനയും നിരാലംബയുമായ തനിക്ക് നഷ്ടമായി എന്ന് കരുതിയ സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കിയ സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും നിറകണ്ണുകളോടെ നന്ദി പറഞ്ഞാണ് ഓമന മടങ്ങിയത്.