തിരുവനന്തപുരം: അര്‍ഹമായ റേഷന്‍ വിഹിതം നല്‍കാതിരുന്നതിന് റേഷന്‍ കടയുടമയില്‍ നിന്ന് പണം ഈടാക്കി കാര്‍ഡ് ഉടമയ്ക്ക് നല്കി. ജില്ലയിലെ ആറ് എ.എ.വൈ. കാര്‍ഡ് ഉടമകള്‍ക്കും മുന്‍ഗണനാ വിഭാഗത്തിലുള്ള അഞ്ച് പേര്‍ക്കുമാണ് ഇത്തരത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പ് പണം ഈടാക്കി നല്‍കിയത്. ഇവരുടെ റേഷന്‍ വിഹിതത്തിനുള്ള ഫുഡ് സെക്യൂരിറ്റി അലവന്‍സാണ് പണമായി നല്‍കുന്നത്.
എ.എ.വൈ, മുന്‍ഗണനാ വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ വിഹിതം നല്‍കിയില്ലെങ്കില്‍ ഫുഡ് സെക്യൂരിറ്റി അലവന്‍സ് നല്‍കണമെന്ന വ്യവസ്ഥ പ്രകാരമാണ് നടപടിയെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. റേഷന്‍കട ഉടമ മനഃപൂര്‍വം റേഷന്‍ നല്‍കിയില്ലെന്ന പരാതി ലഭിച്ചാല്‍ ജില്ലാ പരാതി പരിഹാര ഓഫിസര്‍ അക്കാര്യം പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കുകയും ഗുണഭോക്താവിന് അര്‍ഹതപ്പെട്ട ഫുഡ് സെക്യൂരിറ്റി അലവന്‍സ് നല്‍കുകയും ചെയ്യും. റേഷന്‍ കടയുടമയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ നിന്നോ ഡീലര്‍ കമ്മിഷനില്‍ നിന്നോ ആകും ഈ പണം ഈടാക്കുന്നത്.