തിരുവനന്തപുരം : ചിത്രശില്പകലാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന 2017 ലെ രാജാരവിവര്‍മ്മ പുരസ്കാരത്തിന് പ്രമുഖ ചിത്രകാരനായ പി ഗോപിനാഥിനെ തിരഞ്ഞെടുത്തു. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ലളിതകലാ അക്കാദമി ചെയര്മാന് നേമം പുഷ്പരാജ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, ലക്ഷ്മ ഗൗഡ്, ആര് നന്ദകുമാര്‍, അച്യുതന് കൂടല്ലൂര്‍ എന്നിവര്‍ ഉള്‍പ്പെട്ട ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്.
ബയോമോര്‍ഫിക് അമൂര്‍ത്ത രൂപങ്ങളിലൂടെയും ചുവപ്പും ഓറഞ്ചും കലര്‍ന്ന പാലറ്റിലൂടെയും പില്ക്കാല മദ്രാസ് സ്ക്കൂള് മൂവ്മെന്റില്‍ നിര്‍ണ്ണായക സ്ഥാനമുള്ള ദക്ഷിണേന്ത്യയിലെ സെമി അബ്സ്ട്രാക്ട് ചിത്രകാരന്മാരില് പ്രമുഖനായ പി.ഗോപിനാഥ്, അനുഷ്ഠാന രൂപമായ കോലങ്ങളില്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളത്. ഗുരുനാഥനായ കെ.സി.എസ്.പണിക്കരുടെ ജലച്ചായ ചിത്രങ്ങള്‍ അദ്ദേഹത്തില്‍ ഏറെ സ്വാധീനം ചെലുത്തി. 1948ല്‍ പൊന്നാനിയില്‍ ജനിച്ച ഗോപിനാഥ് മദ്രാസ് ഗവണ്മെന്റ് ആര്‍ട്ട്സ് ആന്റ് ക്രാഫ്റ്റില്‍ നിന്നും 1970ല്‍ ഡിപ്ലോമ നേടി. ചോള മണ്ഡലം സ്ഥാപക അംഗമാണ്. അന്തര്‍ദേശീയ ചിത്രകലാ മേളകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. രാജ്യത്തും പുറത്തും നിരവധി പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തു. 2010ല്‍ കേരള ലളിതകലാ അക്കാദമിയുടെ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്.