16
Friday
April 2021

റെഡി ടു കുക്ക് പച്ച മത്സ്യങ്ങള്‍ ഈ വര്‍ഷം വിപണിയിലെത്തിക്കും; ഫിഷറീസ് മന്ത്രി

Google+ Pinterest LinkedIn Tumblr +

കൊച്ചി: റെഡി ടു കുക്ക് പച്ച മത്സ്യങ്ങള്‍ ഈ വര്‍ഷം ഡിസംബറില്‍ വിപണിയിലെത്തിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തീരമൈത്രി ഉത്പന്നങ്ങളുടെ സംസ്ഥാന തല സമാരംഭവും ആദ്യ വില്‍പനയും ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ അഡീഷണല്‍ ഡയറക്ടറും മത്സ്യ ബോര്‍ഡ് കമ്മീഷണറുമായ സി.ആര്‍. സത്യവതിക്ക് നല്‍കി നിര്‍വ്വഹിച്ചു. ഫിഷറീസ് വകുപ്പിന് സ്വപ്ന പദ്ധതിയാണ് നടപ്പിലാക്കിയിരിക്കുന്നത്. മത്സ്യതൊഴിലാളി വനിതകള്‍ക്ക് തൊഴില്‍ വരുമാനവും ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ ഉണക്ക മത്സ്യവും ലഭ്യമാക്കുവാന്‍ കഴിയുന്ന പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. അടുത്ത ആറുമാസത്തിനുള്ളില്‍ കേരളത്തിലെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും കടകളിലും തീരമൈത്രി ഉണക്കമത്സ്യം ലഭ്യമാക്കും. കൂടാതെ ആറ് മാസത്തിനുള്ളില്‍ റെഡി ടു ഈറ്റ് മത്സ്യ കയറ്റുമതി ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു.

സുരക്ഷിതമായ ഉണക്കമത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പിന് നേതൃത്വത്തില്‍ തീരമൈത്രി ബ്രാന്‍ഡിലാണ് ഉണക്കമത്സ്യം വിപണിയിലെത്തിക്കുന്നത്. തീരമൈത്രി ഗ്രൂപ്പ് അംഗങ്ങള്‍ ഹാര്‍ബറില്‍ നിന്നും ലാന്‍ഡിങ് സെന്ററുകളില്‍ നിന്നുമാണ് നേരിട്ട് മല്‍സ്യം ശേഖരിക്കുന്നത് . ഗുണനിലവാരം ഉറപ്പാക്കി ഡ്രൈയറില്‍ ഉണക്കി ഡ്രൈ ഫിഷ് അപ്പെക്‌സ് ഫെഡറേഷന്‍ മുഖേനയാണ് മാര്‍ക്കറ്റുകളില്‍ ഉണക്ക മത്സ്യം ലഭ്യമാക്കുന്നത്. ഒന്‍പത് തീരദേശ ജില്ലകളിലെ തീരമൈത്രി സംരംഭങ്ങളിലെ 145 മത്സ്യസംസ്‌കരണ യൂണിറ്റുകളില്‍ ഉത്പാദിപ്പിക്കുന്ന ഉണക്കമത്സ്യമാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഉണക്കച്ചെമ്മീന്‍ തലയും വാലും കളഞ്ഞു വൃത്തിയാക്കിയത്, സ്രാവ്, മുള്ളന്‍, കടവരാല്‍, നങ്ക്, കൊഴുവ എന്നിവയാണ് ആകര്‍ഷകമായി പാക്ക് ചെയ്ത് ന്യായവിലയില്‍ വില്‍പ്പനയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്. മത്സ്യം കേടാകാതിരിക്കാനായി യാതൊരുവിധ രാസവസ്തുക്കളോ കീടനാശിനികളോ ഉപയോഗിക്കുന്നില്ല എന്നതാണ് തീരമൈത്രി ഉണക്ക മത്സ്യത്തിന്റെ പ്രത്യേകത. ഉണക്കമത്സ്യം തയ്യാറാക്കുന്നതിന് പ്രത്യേകം പരിശീലനം ലഭിച്ച തീരമൈത്രി സംരംഭകരാണ് മത്സ്യം ഉണക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഉപ്പിന്റെ അളവ് ക്രമീകരിച്ച് പോഷകാംശം നഷ്ടപ്പെടാതെയാണ് പായ്ക്കറ്റിലാക്കുന്നത്. ഫിഷറീസ് വകുപ്പിന് കീഴിലുള്ള സാഫ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ തീരമൈത്രി പദ്ധതിയില്‍ 11 കോടി രൂപയുടെ ബദല്‍ ജീവനോപാധി പദ്ധതികള്‍ സാഫ് മുഖേന നടപ്പിലാക്കുന്നുണ്ട്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഘു സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഒരു മത്സ്യത്തൊഴിലാളി വനിതയ്ക്ക് 75,000 രൂപ വീതം 1000 പേര്‍ക്ക് 7.50 കോടിരൂപ പൂര്‍ണമായും തിരിച്ചടക്കാത്ത ഗ്രാന്റായി നല്‍കും. കൂടാതെ ഇത്തരം ഗ്രൂപ്പുകളുടെ സുസ്ഥിര നിലനില്പിനായി ഒരു ലക്ഷം രൂപവരെ പലിശരഹിത വായ്പ, സാങ്കേതിക വിദ്യ നവീകരണത്തിന് ഒരു ഗ്രൂപ്പിന് 50,000 രൂപ, ഗ്രൂപ്പുകളുടെ ബാങ്ക് ലോണിന് 12 ശതമാനം വരുന്ന പലിശ, മെഡിക്കല്‍ക്യാമ്പ് , സൗജന്യ മരുന്നു വിതരണം, വിവിധ നൂതന സാങ്കേതിക വിദ്യാ പരിശീലനങ്ങള്‍ തുടങ്ങിയവ തീരമൈത്രി പദ്ധതിയിലൂടെ നടപ്പിലാക്കുന്നുണ്ട്. തീരദേശ പ്രദേശങ്ങളില്‍ പ്ലസ് ടുവിനു മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് രണ്ട് മാസം നീണ്ടുനില്‍ക്കുന്ന തീരനൈപുണ്യ പരിശീലന പരിപാടി സാഫ് നടപ്പിലാക്കുന്നുണ്ട്. ഇവര്‍ക്ക് പ്രതിമാസം 3000 രൂപ സ്‌റ്റൈപന്റ് ലഭിക്കും.
ചടങ്ങില്‍ ജില്ല ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കൈമാറി. സാഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍. എസ്. ശ്രീലു, സാഫ് നോഡല്‍ ഓഫീസര്‍ പി.കെ ഉഷ, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com