9
Sunday
May 2021

കേരളത്തിന്റെ പുനര്‍നിര്‍മാണം; നടപടികള്‍ വേഗത്തിലാക്കണമെന്ന് ജില്ലാകളക്ടര്‍

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: കേരള പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ ആനുകൂല്യ വിതരണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടറുടെ കര്‍ശന നിര്‍ദ്ദേശം. കളക്ടര്‍ എസ്.സുഹാസ് ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിലെ പ്രളയാനന്തര ആനുകൂല്യ വിതരണം സംബന്ധിച്ച് വിളിച്ചുചേര്‍ത്ത തദ്ദേശ സ്വയഭരണ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും നിര്‍ദ്ദേശപ്രകാരം എത്രയും പെട്ടെന്ന് പ്രളയത്തില്‍ ദുരിതം അനുഭവിച്ച പരമാവധി ആളുകള്‍ക്ക് ആനൂകൂല്യം നല്‍കേണ്ടതുണ്ട്. നിയമങ്ങളും ചട്ടങ്ങളും അര്‍ഹര്‍ക്ക് അര്‍ഹര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് തടസ്സമാകരുതെന്നും അദ്ദേഹം പറഞ്ഞു.
ചേര്‍ത്തല താലൂക്കിലെ പ്രളയദുരിതത്തില്‍പെട്ട ഗുണഭോക്താക്കള്‍ക്ക് റീബിള്‍ഡ് കേരള പദ്ധതി പ്രകാരം ധനസഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ത്തല എസ്.എന്‍.എം. ജി.ബി.എച്ച്. എസ്.എസ്സിലാണ് യോഗം വിളിച്ചത്. ചേര്‍ത്തല മുനിസിപ്പാലിറ്റിയുടെയും 18 ഗ്രാമപഞ്ചായത്തുകളിലെയും 15 ശതമാനം മുതല്‍ 100 ശതമാനം വരെ പ്രളയം മൂലം നാശനഷ്ടം സംഭവിച്ച വീടുകളുടെ വിവരം ജില്ല കളക്ടര്‍ പ്രത്യേകമായി ചോദിച്ചു അവലോകനം നടത്തി. റീബിള്‍ഡ് കേരളയുടെ ഭാഗമായി പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ചവച്ച ചേന്നം പള്ളിപ്പുറം, എഴുപുന്ന ഗ്രാമപ്പഞ്ചായത്തുകളെ കളക്ടര്‍ അഭിനന്ദിച്ചു. പ്രവര്‍ത്തനങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന അരൂര്‍ (23 കേസുകള്‍)കഞ്ഞിക്കുഴി, വയലാര്‍(72 കേസുകള്‍),തണ്ണീര്‍മുക്കം(116കേസുകള്‍) തുടങ്ങിയ പഞ്ചായത്തുകള്‍ കൂടുതല്‍ കാര്യക്ഷമമായി നടപടികള്‍ നിര്‍വഹിച്ച് രണ്ടു ദിവസത്തിനുള്ളില്‍ ലിസ്റ്റ് തഹസില്‍ദാര്‍ക്ക് നല്‍കണം. കുടിശിക ജോലികള്‍ പൂര്‍ത്തിയാക്കി തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.
അരൂര്‍ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് എത്തിയ ഉദ്യോഗസ്ഥയോട് യോഗത്തില്‍ അരൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പങ്കെടുക്കാത്തതിനുള്ള അതൃപ്തി കളക്ടര്‍ അറിയിക്കുകയും സെക്രട്ടറി ജില്ലാ കളക്ടറെ നേരില്‍ കാണുവാന്‍ നിര്‍ദേശിക്കുകയും ചെയ്തു.75 ശതമാനത്തിനു മുകളില്‍ ഭവന നാശം സംഭവിച്ച ഗുണഭോക്താക്കള്‍ക്ക് അവരവരുടെ പേരില്‍ ഭൂമിയില്ലെന്ന കാരണത്താല്‍ അപേക്ഷകള്‍ തള്ളേണ്ടതില്ലെന്നും ആ വ്യക്തികള്‍ക്ക് തങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് മറ്റ് അവകാശികളില്‍ നിന്നും സമ്മതപത്രം മുദ്രപത്രത്തില്‍ വാങ്ങി തുക അനുവദിക്കുവാനും തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. കൈവശ രേഖയുള്ളവര്‍ക്കും,വീട് അനുവദിച്ചു നല്‍കുവാന്‍ തടസ്സമില്ലെന്നു പറഞ്ഞ കളക്ടര്‍, പുറമ്പോക്ക് ഭൂമിയില്‍ മറ്റ് ഭൂമി സംബന്ധമായ രേഖകളില്ലാതെ വസിക്കുന്ന ഗുണഭോക്താക്കള്‍ക്ക് 75 ശതമാനത്തിനു മുകളിലാണ് നാശനഷ്ടമെങ്കില്‍ ആയത് 75 ശതമാനത്തിന് താഴെ എന്ന് നാശനഷ്ടം കണക്കാക്കി ലിസ്റ്റ് നല്‍കുന്ന മുറയ്ക്ക് തുക അനുവദിച്ചു നല്‍കുവാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ചേര്‍ത്തല താലൂക്കിന്റെ മേല്‍നോട്ടം വഹിക്കുന്ന ഡെപ്യൂട്ടി കളക്ടര്‍ സന്തോഷ് കുമാര്‍ എസ്.,ചേര്‍ത്തല തഹസില്‍ദാര്‍ അബ്ദുല്‍ റഷീദ്,ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ആര്‍.ഉഷ,ആര്‍.ജയേഷ്,എസ്.ഷീജ മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ചേര്‍ത്തല താലൂക്കിലെ മുനിസിപ്പല്‍ ചെയര്‍മാന്‍,സെക്രട്ടറി, എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍,സെക്രട്ടറിമാര്‍,ബി.ഡി. ഒ.മാര്‍,എന്നിവരും യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ജില്ലാകളക്ടര്‍ കുട്ടനാട്ടിലെ മങ്കൊമ്പില്‍ അവലോകന യോഗം നടത്തി. റീബില്‍ഡ് കേരളയുടെ ഭാഗ്മായി കുട്ടനാട്ടില്‍ 52,6721100 രൂപ(52.67 കോടി) ഇതുവരെ വിതരണം ചെയ്തതായി യോഗം വിലയിരുത്തി. പൂര്‍ണമായി തകര്‍ന്ന വീടുകളില്‍ 294 എണ്ണത്തിന് ആദ്യ ഘട്ട ധനസഹായമായ 95,100 രൂപ നല്‍കി. ആകെ നാല് ലക്ഷം രൂപയാണ് ഇവര്‍ക്ക് നല്‍കുന്നത്. തുടര്‍ന്നുള്ള തുക രണ്ട് ഘട്ടങ്ങളായി സി.എം.ഡി.ആര്‍.എഫില്‍ നിന്നാണ് നല്‍കുക. അടിത്തറ കെട്ടിത്തീര്‍ത്ത ഇതിലെ 66 വീടുകള്‍ക്ക് രണ്ടാം ഗഡുവും ഇതിനകം നല്‍കി. വീടുകള്‍ക്ക് 15 ശതമാനം നഷ്ടം രേഖപ്പെടുത്തിയ 12024 പേര്‍ക്ക് കുട്ടനാട്ടില്‍ 10,000 രൂപ വീതം നല്‍കി. 16 മുതല്‍ 29 ശതമാനം വരെ നഷ്ടപ്പെട്ട 6141 പേര്‍ക്ക് 60,000 രൂപ വീതവും നല്‍കിയിട്ടുണ്ട്. മറ്റുവിഭാഗങ്ങളുടെ നാശനഷ്ടപരിശോധന ഫെബ്രുവരി 10 നകം പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുട്ടാര്‍, കാവാലം, എടത്വ, രാമങ്കരി, നെടുമുടി, തകഴി, പുളിങ്കുന്ന് എന്നീ പഞ്ചായത്തുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചതായി കളക്ടര്‍ വിലയിരുത്തി. വെരിഫിക്കേഷന് കൂടുതല്‍ എണ്ണം വീടുകള്‍ ഉള്ള പഞ്ചായത്തുകളിലേക്ക് ആവശ്യത്തിന് ജീവനക്കാരെ അധികമായി അനുവദിക്കാന്‍ സബ്കളക്ടര്‍ വി.ആര്‍.കൃഷ്ണതേജയ്ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. അതിന് അവസാന വര്‍ഷ സിവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളെ പരിഗണിക്കാനും നിര്‍ദ്ദേശം നല്‍കി. തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com