26
Tuesday
January 2021

പുനര്‍നിര്‍മാണത്തിലുള്ള വീടുകള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കണം

Google+ Pinterest LinkedIn Tumblr +

* ജില്ലാ കളക്ടര്‍മാരുടേയും വകുപ്പുമേധാവികളുടേയും വാര്‍ഷികസമ്മേളനം തുടങ്ങി

തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി നിര്‍മാണം ആരംഭിച്ച വീടുകള്‍ മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ കളക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍മാരുടേയും വകുപ്പുമേധാവികളുടേയും വാര്‍ഷികസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനര്‍നിര്‍മാണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയില്‍ കാണാതെ ചലഞ്ചായി ഏറ്റെടുക്കാന്‍ കളക്ടര്‍മാര്‍ സജ്ജമാകണം. വാര്‍ഷികപദ്ധതി ഭാഗമായുള്ള പ്രവൃത്തികളെയും പ്രത്യേകമായി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളും എങ്ങനെ കൂട്ടിയോജിപ്പിച്ച് സമഗ്രതയില്‍ എത്തിക്കാനാവുമെന്ന് ശ്രദ്ധിക്കണം. നവകേരള നിര്‍മിതിക്ക് പുതിയ സങ്കേതങ്ങളും മാനവും വേണം. സുസ്ഥിരമായ മാര്‍ഗങ്ങളാകണം ഉപയോഗിക്കേണ്ടത്.

സഹായം സംബന്ധിച്ച പരാതികള്‍ പരിഗണിച്ച് വസ്തുതാപരമായവയ്ക്ക് നടപടിയുണ്ടാകണം. ധനസഹായം സമയബന്ധിതമായി വിതരണം ചെയ്യാന്‍ നടപടി വേണം. വീട് നിര്‍മാണത്തിന് പരിഗണിക്കുമ്പോള്‍ തലമുറകളായി താമസിച്ചുവരുന്ന വീടുകള്‍, പുറമ്പോക്കിലുള്ളവര്‍ തുടങ്ങിയവരുടെ കാര്യത്തില്‍ സാഹചര്യങ്ങള്‍ പരിശോധിച്ച് അനുഭാവപൂര്‍ണമായ സമീപനം വേണം. ലോണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെടല്‍ വേണം. ജില്ലാതല ബാങ്കിംഗ് കമ്മിറ്റി യോഗം വിളിക്കണം. ബ്‌ളോക്കുതല അദാലത്തുകള്‍ ജനുവരി 15ന് മുമ്പ് പൂര്‍ത്തിയാക്കണം. ഈ സാമ്പത്തികവര്‍ഷം തന്നെ റോഡ്, വീട് എന്നിവ കഴിയുന്നത്ര പൂര്‍ണതയില്‍ എത്തിക്കാനാകണം. ജീവനോപാധിയുടെ വിഷയത്തില്‍ ഓരോ സ്ഥലത്തും ഓരോ വിഭാഗങ്ങള്‍ക്കുമുള്ള പ്രശ്‌നങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കാനാകണം. ഈ സാമ്പത്തികവര്‍ഷം തന്നെ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ദിനങ്ങള്‍ എങ്ങനെ വര്‍ധിപ്പിക്കാനാകുമെന്ന് പരിശോധിക്കണം.

നാശനഷ്ടമുണ്ടായ വീടുകള്‍ക്ക് പുറമേ സ്‌കൂള്‍, അങ്കണവാടി, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, റോഡ് എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളിലും നിരീക്ഷണം വേണം. രണ്ടാഴ്ച കൂടുമ്പോള്‍ വിലയിരുത്തല്‍ യോഗങ്ങള്‍ നടത്തണം. മിഷനുകളുടെ പ്രവര്‍ത്തനങ്ങളില്‍ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണം. പശ്ചാത്തലസൗകര്യവികസനം, സ്ഥലം ഏറ്റെടുപ്പ് വിഷയങ്ങളില്‍ കളക്ടര്‍മാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ദേശീയപാത, റെയില്‍വേ വികസനത്തിന് സ്ഥലം ഏറ്റെടുപ്പ് കൂടുതല്‍ ശ്രദ്ധവേണം.

കേന്ദ്രീകൃത മാലിന്യപ്ലാന്റുകള്‍ പുതിയ വരേണ്ടതുണ്ട്. പുതുതായി വരുന്നവ പ്രശ്‌നമുണ്ടാക്കുന്നവയല്ലെന്നും ഊര്‍ജോത്പാദനത്തിന് കഴിയുന്നതാണെന്നും നാട്ടുകാരെ ബോധ്യപ്പെടുത്താനാകണം. മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട കേരളത്തില്‍ വര്‍ഗീയസംഘര്‍ഷമുണ്ടാക്കാന്‍ ശ്രമങ്ങളുണ്ടായാല്‍ ശക്തമായ നടപടിവേണം. പോലീസ് സ്‌റ്റേഷനുകളില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ നടപടിവേണം. പോലീസും ജില്ലാ കളക്ടര്‍മാരുമായി കൃത്യമായ ആശയവിനിമയം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കും ഏകോപനത്തിനും കളക്ടര്‍മാരെയും വകുപ്പധ്യക്ഷന്‍മാരെയും മുഖ്യമന്ത്രി അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. റവന്യൂ റിക്കവറി ഇനത്തില്‍ ലഭിക്കാനുള്ളത് വേഗത്തില്‍ പിരിക്കാന്‍ നടപടിവേണമെന്ന് യോഗത്തില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സ്‌റ്റേ ലഭിച്ചവ ആറുമാസത്തിനുള്ളില്‍ പുതുക്കിയില്ലെങ്കില്‍ സ്‌റ്റേ ബാധകമല്ലെന്ന സുപ്രീം കോടതി ഉത്തരവുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയ ഇനത്തിലും വലിയതുക പിരിഞ്ഞുകിട്ടാനുണ്ട്. ഈ സര്‍ക്കാര്‍ വന്ന ശേഷം 70,000 പേര്‍ക്ക് പട്ടയം നല്‍കി. 30,000 പേര്‍ക്ക് ജനുവരിയില്‍ നല്‍കാന്‍ നടപടിയായിട്ടുണ്ട്. ലാന്‍ഡ് ട്രിബ്യൂണലില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍ക്കാന്‍ നടപടിവേണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ.പി. ജയരാജന്‍, ഡോ. ടി.എം. തോമസ് ഐസക്, ജി. സുധാകരന്‍, കെ.കെ. ശൈലജ, സി. രവീന്ദ്രനാഥ്, ഡോ. കെ.ടി. ജലീല്‍, കടകംപള്ളി സുരേന്ദ്രന്‍, വി.എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്‍, കെ. രാജു, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, സെക്രട്ടറിമാര്‍, വകുപ്പ് മേധാവികള്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗം വ്യാഴാഴ്ചയും തുടരും. പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍, ദേശീയപാത വികസനം, റെയില്‍വേ വികസനം, മാലിന്യ സംസ്‌കരണം, കൊച്ചി സേലം പൈപ്പ് ലൈന്‍, സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ്, ബൈപ്പാസ് വികസനം തുടങ്ങി വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com