11
Tuesday
May 2021

റോഡപകടങ്ങള്‍ കുറക്കാന്‍ ശക്തമായ നടപടികള്‍ക്ക് നിര്‍ദേശം നല്‍കി- മുഖ്യമന്ത്രി

Google+ Pinterest LinkedIn Tumblr +

കണ്ണൂര്‍: ഈ വര്‍ഷം കേരളത്തിലെ റോഡ് അപകടങ്ങള്‍ പകുതിയായി കുറക്കാനാവശ്യമായ ശക്തമായ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റോഡ് അപകടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കുകയെന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ഇതിനായി ഫലപ്രദമായ ബോധവല്‍ക്കരണവും കര്‍ശന പരിശോധനയും നടപടികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൈക്കൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 17 ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുടെ ഫ്ളാഗ് ഓഫും റോഡ് സേഫ്റ്റി ബോധവല്‍ക്കരണ പരിപാടിയുടെ ചിഹ്നമായ പിങ്കുടൈഗറിന്റെയും കിറ്റിഷോയുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

ജില്ലാ കലക്ടര്‍മാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും സമ്മേളനത്തില്‍ റോഡപകടങ്ങളുടെ കാര്യം ചര്‍ച്ച ചെയ്തിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡ് അപകടങ്ങള്‍ പകുതിയായി കുറക്കാന്‍ സോഷ്യലിസ്റ്റ് മത്സരത്തോടെയുളള പ്രവര്‍ത്തനം ജില്ലകള്‍ നടത്തണം. ഓരോ വര്‍ഷവും റോഡില്‍ ഒരുപാട് ജീവനാണ് പൊലിയുന്നത്. പ്രതിവര്‍ഷം കേരളത്തില്‍ ശരാശരി നാലായിരത്തിലേറെപ്പേര്‍ വാഹനാപകടങ്ങളില്‍ മരിക്കുന്നുണ്ട്. അപകടങ്ങള്‍ യാദൃശ്ചികമായി സംഭവിക്കുന്നതാണ്. ഏത് ഘട്ടത്തിലും അത് ചിലപ്പോള്‍ സംഭവിച്ചേക്കാം. എന്നാല്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന അപകടങ്ങളിലേറെയും ഒഴിവാക്കാനാവുന്നവയാണെന്നാണ് അപകടങ്ങള്‍ സംഭവിക്കുന്ന രീതികള്‍ അവലോകനം ചെയ്യുമ്പോള്‍ മനസ്സിലാകുന്നത്. കൃത്യമായ ഇടപെടലിലൂടെ നമുക്ക് അത് തടയാനാകണം.

മദ്യപിച്ചു വാഹനമോടിക്കുന്നത് ഒട്ടേറെ അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ചെറു പ്രായത്തിലുള്ളവര്‍ക്കു സ്പീഡ് ഒരു ഹരമാണ്. ഇതും വലിയ തോതില്‍ അപകടങ്ങള്‍ക്കു ഇടയാക്കുന്നുണ്ട്. അപകടങ്ങളില്‍ ജീവഹാനി ഉണ്ടാകുന്നതു മാത്രമല്ല, ചെറിയ പ്രായത്തില്‍ ജീവച്ഛവമായി കിടപ്പിലാകുന്നവര്‍ ഏറെയാണ്. ഇതില്‍ നല്ലൊരു വിഭാഗമാളുകളും പിന്നീടുളള ജീവിതത്തില്‍ ഒന്നും ചെയ്യാനാകാതെ കിടന്ന കിടപ്പില്‍ കഴിയേണ്ട അവസ്ഥയിലാകുന്നു. മനുഷ്യനാണെന്നത് മറന്നുള്ള ഡ്രൈവിങ്ങാണ് മറ്റൊരു ഘടകം. ഉറക്കമൊഴിച്ചുള്ള ദീര്‍ഘമായ യാത്ര അപകടങ്ങളിലേക്കെത്തുന്നുണ്ട്.

കൃത്യമായ പദ്ധതി തയ്യാറാക്കി ഇതുപോലുള്ള കാരണങ്ങള്‍ കൊണ്ടുള്ള അപകടങ്ങള്‍ ഒഴിവാക്കാനാകണം. പ്രധാന റോഡുകളില്‍ ഇടക്ക് വാഹനം നിര്‍ത്തി ചായയോ കാപ്പിയോ കഴിക്കാനും മറ്റുമുള്ള സൗകര്യം ഉണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിശ്ചിത അകലത്തില്‍ ഇത്തരം കേന്ദ്രങ്ങള്‍ ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതുപോലെ അപകട സാധ്യതയുള്ള ഒട്ടേറെ റോഡുകളുണ്ട്. കൃത്യമായ അടയാളപ്പെടുത്തല്‍, ജാഗ്രതപ്പെടുത്തല്‍ എന്നിവ പലയിടത്തും ചെയ്തിട്ടുണ്ട്. അത് ശാസ്ത്രീയമായ രീതിയില്‍ കൂടുതല്‍ തെളിമയോടെ കൂടുതല്‍ സ്ഥലങ്ങളില്‍ ചെയ്യണം. വാഹനമോടിക്കുന്നവരെ ട്രാഫിക് നിയമം അറിയിക്കാനും ആ അറിവ് പരിശോധിക്കാനും ഉള്ള നടപടികളും വേണം. ഇതിന് ബഹുജനങ്ങളുടെ സഹകരണം പ്രധാനമാണ്. ഉദ്യോഗസ്ഥ സംവിധാനം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. നടപടികളുമായി ജനങ്ങള്‍ സഹകരിക്കണം. സഹകരിക്കാതെ വരുമ്പോള്‍ പിന്നെ കനത്ത നടപടികള്‍ ആണ് സ്വീകരിക്കേണ്ടി വരിക. ഈ നടപടികള്‍ ജീവന്‍ രക്ഷിക്കാനുള്ളതാണെന്ന് കണ്ട് കര്‍ശനമായി തന്നെ അതിലേക്കു കടക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിപാടിയില്‍ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര, കൗണ്‍സിലര്‍ അഡ്വ ലിഷ ദീപക് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. റോഡ് സേഫ്റ്റി കമ്മീഷണര്‍ എന്‍ ശങ്കര്‍ റെഡ്ഡി റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലികൊടുത്തു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ശ്രീലേഖ സ്വാഗതവും ജോ. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് നന്ദിയും പറഞ്ഞു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com