ന്യൂഡൽഹി: റഫാൽ കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും കുരുക്കായി ഫ്രഞ്ച് മാധ്യമത്തിന്റെ പുതിയ വെളിപ്പെടുത്തൽ. കരാറിൽ ഇന്ത്യയിലെ പങ്കാളിയായി റിലയൻസ് ഡിഫൻസിനെ നിയോഗിക്കണമെന്ന് നിർബന്ധിതവും അടിയന്തരവുമായ’ വ്യവസ്ഥയായിരുന്നെന്നാണ് ഫ്രഞ്ച് മാധ്യമം മീഡിയപാർട്ട് പറയുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷമായ കോൺഗ്രസിനു ലഭിച്ച വലിയ ഊർജമാകും ഈ വെളിപ്പെടുത്തൽ.
പ്രതിരോധമന്ത്രി നിർമല സീതാരാമൻ ത്രിദിന സന്ദർശനത്തിനായി ഫ്രാൻസിലേക്കു പോകുന്നതിനു തൊട്ടുമുമ്പാണു വിവരം പുറത്തായത്. 58,000 കോടി രൂപയ്ക്ക് 36 റഫാൽ വിമാനങ്ങൾ വാങ്ങാനാണു ഫ്രാൻസുമായി ഇന്ത്യ കരാറൊപ്പിട്ടത്. റഫാൽ ഇടപാടിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്നു കേന്ദ്രസർക്കാരിനോടു സുപ്രീംകോടതി ആവശ്യപ്പെട്ടതിന്റെ പിന്നാലെയാണു വെളിപ്പെടുത്തലുണ്ടായത്.
റഫാൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാന രഹിതവും അസത്യവുമാണെന്നു റിലയൻസിന്റെ പ്രതികരണം. വിദേശ കമ്പനിയാണ് അവരുടെ ഇന്ത്യയിലെ ബിസിനസ് പങ്കാളികളെ തിരഞ്ഞെടുക്കുന്നത്. പ്രതിരോധ വകുപ്പിന് ഇതിൽ യാതൊരു പങ്കുമില്ല. റിലയൻസിന് 30,000 കോടിയുടെ കരാർ ലഭിച്ചുവെന്ന ആരോപണം തെറ്റാണെന്നും റിലയൻസ് വ്യക്തമാക്കി.