തിരുവനന്തപുരം: പുനർനിർമ്മാണത്തിനായി തുക കണ്ടെത്താൻ സംഘടിതശ്രമം നടത്തുന്ന കേരള സർക്കാർ സംരംഭത്തിൽ കേരളത്തിലെ മുഴുവൻ കുട്ടികളെയും പങ്കാളികളായി സഹകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് അഭ്യർഥിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം അഭ്യർത്ഥിച്ചപ്പോൾ എല്ലാ കോണുകളിൽ നിന്നും സംഭാവന പ്രവഹിക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്നാൽ നമുക്കുണ്ടായ നഷ്ടം വളരെ വലുതാണ്. കുട്ടികളുടെ സംഭാവന സ്കൂൾ അടിസ്ഥാനത്തിൽ സെപ്തംബർ 11 ന് ശേഖരിക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബി.എസ്.ഇ, ഐ.സി.എസ്.സി കുട്ടികളുടെ വകയായി ലഭിക്കുന്ന തുക സ്കൂളടിസ്ഥാനത്തിൽ സ്വീകരിച്ച് വിദ്യാഭ്യാസ വകുപ്പിൻ്റെ സംഭാവനയായി നൽകാം. കഴിയാവുന്ന തുക നൽകി ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് കുട്ടികളോടും സ്കൂളുമായി ബന്ധപ്പെട്ട എല്ലാവരോടും അഭ്യർത്ഥിക്കുന്നതായി മന്ത്രി പറഞ്ഞു.