26
Tuesday
January 2021

പുനര്‍നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മ്മാണം സര്‍ക്കാര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളായനന്തര പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി സഹകരണ വകുപ്പിന്റെ ‘കെയര്‍ ഹോം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെങ്ങന്നൂരില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നല്ല നിലയില്‍ മുന്നോട്ടു പോകുന്നുണ്ട്. വൈകാതെ അത് 3000 കോടിയിലെത്തും. സര്‍ക്കാര്‍ ക്രൗഡ് ഫണ്ടിങ് ആരംഭിച്ചിട്ടുണ്ട്. പ്രളയാനന്തരമുള്ള ഏതു പദ്ധതിയും ഇതിലൂടെ ഏറ്റെടുക്കാം. മുടക്കിയ പണം എന്തു ചെയ്തു എന്നറിയാന്‍ പോര്‍ട്ടലില്‍ സംവിധാനവുമുണ്ട്. കേരളത്തിലെ സഹകരണമേഖല ആദ്യഘട്ടത്തില്‍ 2000 വീട് നിര്‍മിക്കുവാന്‍ മുന്നിട്ടിറങ്ങിയത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. മൂന്നുമാസത്തിനുള്ളില്‍ 2000 വീടുകളുടെ പണി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പ്രാഥമിക ചെലവുകള്‍ക്കായി പതിനായിരം രൂപ നല്‍കി. 60 കോടി രൂപയിലധികം ഇതിനായി വിനിയോഗിച്ചു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കുടുംബശ്രീ വഴി വായ്പ നല്‍കാന്‍ തീരുമാനിച്ചു. ചെറുകിട കച്ചവടക്കാര്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ നല്‍കാന്‍ ബാങ്കുകളുമായി ചര്‍ച്ച ചെയ്തു. ഈ പദ്ധതികളിലെല്ലാം കേരളത്തിലെ സഹകരണ ബാങ്കുകള്‍ വളരെ നല്ല രീതിയില്‍ സഹകരിച്ചു. എന്നാല്‍ നമ്മുടെ നാട്ടിലെ വാണിജ്യബാങ്കുകള്‍ വേണ്ടവിധത്തില്‍ പ്രതികരിച്ചു കാണാത്തത് ദുഃഖകരമായ അനുഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

31,000 കോടി രൂപ പുനര്‍നിര്‍മാണത്തിന് വേണം. നിശ്ചിത മാനദണ്ഡപ്രകാരം മാത്രമേ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കൂ. നഷ്ടപ്പെട്ട വീടിന് ഒരു ലക്ഷത്തില്‍ താഴെയും ഒരു കിലോമീറ്റര്‍ റോഡിന് ഒരുലക്ഷം രൂപയും ആണ് തരുന്നത്. കേരളത്തില്‍ വീടിന് നാലു ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഒരു കിലോമീറ്റര്‍ റോഡിന് കോടിയിലധികം രൂപ വേണ്ടിവരും. കേന്ദ്രമാനദണ്ഡം പാലിച്ചാല്‍പോലും 4000 കോടി രൂപ കേരളത്തിന് അര്‍ഹതയുണ്ട്. ഇത് കേന്ദ്ര ആഭ്യന്തരമന്ത്രി നേതൃത്വം നല്‍കുന്ന കമ്മറ്റി ഇക്കാര്യത്തില്‍ കേരളത്തിന് അനുകൂല തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. 5000 കോടി രൂപയുടെ പ്രത്യേക പാക്കേജും കേരളം ആവശ്യപ്പെട്ടിരുന്നു. പ്രളയത്തിലൂടെ കേരളം കണ്ടത് മതനിരപേക്ഷതയുടെ ശക്തിപ്പെടലാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ മത്സ്യത്തൊഴിലാളികളും ചെറുപ്പക്കാരും ജീവന്‍പോലും അവഗണിച്ച് ജാതി മത ഭേദമില്ലാതെ മനുഷ്യ സമൂഹത്തിനു വേണ്ടി ഇറങ്ങുന്നത് കേരളം കണ്ടു. ചില ആരാധനാലയങ്ങള്‍ പോലും നാനാജാതി മതസ്ഥര്‍ക്ക് അഭയകേന്ദ്രമായി മുഖ്യമന്ത്രി പറഞ്ഞു.

നമുക്ക് വിശ്വസിക്കാനാവാത്ത കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിലയിടുന്ന സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 50,000 മുതല്‍ രണ്ടുലക്ഷം രൂപ വരെ പൊതുനന്മ ഫണ്ടില്‍നിന്ന് നല്‍കാനും സഹകാരികളുടെ ഈ വര്‍ഷത്തെ ലാഭവിഹിതം ‘കെയര്‍ കേരള’ പദ്ധതിയിലേക്ക് നല്‍കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആദ്യം 2000 വീടുകള്‍ നിര്‍മ്മിക്കുന്നത് കൂടാതെ അടുത്തഘട്ടമായി 2000 വീടുകള്‍ കൂടി നിര്‍മ്മിച്ചു നല്‍കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 15 ദിവസത്തിനകം അതിന്റെയും കര്‍മ പരിപാടികള്‍ ആരംഭിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഒരു വീടിന് അഞ്ചുലക്ഷം രൂപ സഹകരണ സംഘത്തിന് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

പ്രളയം മൂലമുണ്ടായ ഐക്യം തകര്‍ക്കാനാവില്ലെന്നാണ് ഇത്തരം ചടങ്ങുകളിലെ ജനപങ്കാളിത്തം സൂചിപ്പിക്കുന്നതെന്ന് പൊതുവിതരണവകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എല്‍.എ.മാരായ സജി ചെറിയാന്‍, ആര്‍.രാജേഷ്, റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, ജില്ല കളക്ടര്‍ എസ്. സുഹാസ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍, ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. സുധാമണി, ചെങ്ങന്നൂര്‍ നഗരസഭ കൗണ്‍സിലര്‍ അനില്‍കുമാര്‍, സഹകരണസംഘം രജിസ്ട്രാര്‍ എസ്.ഷാനവാസ്, ജോയിന്റ് രജിസ്ട്രാര്‍ ജി. ശ്രീകുമാര്‍, സി.പി.എം.ജില്ലാ സെക്രട്ടറി ആര്‍.നാസര്‍, ആര്‍.ഡി.ഓ അതുല്‍ സ്വാമിനാഥ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. കൊഴുവല്ലൂര്‍ കിഴക്കേ കുളേത്ത് കെ.കെ.രവിയ്ക്ക് വീടിന്റെ മാതൃക മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. ജില്ലാ കോഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ ജീവനക്കാരില്‍ നിന്ന് ശേഖരിച്ച ഒരുമാസത്തെ ശബളമായ എണ്‍പത്തിനാല് ലക്ഷത്തി നാല്‍പ്പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചടങ്ങില്‍ കൈമാറി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com