22
Thursday
October 2020

അപ്പര്‍ക്കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം; ജില്ലാ കളക്ടര്‍

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: അപ്പര്‍കുട്ടനാട്ടില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും എത്രയും വേഗം രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ജില്ലാകളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഇതിനായി നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ബോട്ടുകള്‍ക്കു പുറമേ നേവിയുടെ പതിനഞ്ച് ബോട്ടുകള്‍ വ്യോമ മാര്‍ഗം ഇറക്കും. എന്‍ഡിആര്‍എഫിൻ്റെ 12 ബോട്ടുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. നേവിയുടെ രണ്ട് ബോട്ടുകള്‍ നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. 39 മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും രക്ഷാ പ്രവര്‍ത്തനത്തിനുണ്ട്. ബിലീവേഴ്സ് ചര്‍ച്ചിൻ്റെ അഞ്ച് സ്പീഡ് ബോട്ടുകളും ഏഴ് സ്വകാര്യ സ്പീഡ് ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ഭക്ഷണം മാത്രം മതി എന്നാവശ്യപ്പെടുന്നവര്‍ക്കായി ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകളും ഭക്ഷണം എത്തിക്കുന്നുണ്ട്. കൂടാതെ ഒഎന്‍ജിസിയുടെ ഹെലികോപ്ടറും എത്തുന്നുണ്ട്.

ജില്ലയില്‍ ആകെ 515 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ആകെ 75,451 പേര്‍ വിവിധ ക്യാമ്പുകളിലായി ഉണ്ട്. ക്യാമ്പുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനെ ചുമലപ്പെടുത്തുകയും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. റവന്യൂ വകുപ്പിന് പുറമേ വിദ്യാഭ്യാസ വകുപ്പിലെയും കൃഷി വകുപ്പിലെയും ഉദ്യോഗസ്ഥരെയാണ് കൂടുതലായും നിയോഗിച്ചിട്ടുള്ളത്. കൂടാതെ മറ്റ് വകുപ്പില്‍ നിന്നുകൂടി ഉദ്യോഗസ്ഥരെ നിയമിക്കും. ക്യാമ്പില്‍ കഴിയുന്നവര്‍ക്കായി ഭക്ഷണവും വസ്ത്രവും എത്തിക്കുന്നതിനായി ഫുഡ് ഹബ് തുടങ്ങിയിട്ടുണ്ട്. അടൂര്‍ വഴിയാണ് ദുരിതാശ്വാസ സഹായങ്ങള്‍ കൂടുതലായി എത്തുന്നത് എന്നതിനാല്‍ അവിടെയാണ് പ്രധാന ഫുഡ് ഹബ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വളരെയേറെ സഹായങ്ങള്‍ ഇവിടേക്ക് എത്തുന്നുണ്ട്.

ക്യാമ്പിലുള്ളവര്‍ക്ക് വൈദ്യസഹായം എത്തിക്കുന്നതിനായി മെഡിക്കല്‍ ഹബും സജ്ജമാക്കിയിട്ടുണ്ട്. നിലവിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പുറമേ നൂറിലധികം ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും മെഡിക്കല്‍ ഹബിൻ്റെ പ്രവര്‍ത്തനത്തിനായി ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും വിട്ടു തരുന്നുണ്ട്. പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളുടെ കൂട്ടായ പ്രയത്നമാണ് നടന്നുവരുന്നതെന്നും കളക്ടര്‍ പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com