നെടുമ്പാശേരി: ശബരിമല തീർഥാടകർക്കായി നെടുമ്പാശേരി വിമാനത്താവളത്തിൽ ദേവസ്വം ബോർഡ് പ്രത്യേക കൗണ്ടർ തുടങ്ങി. സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ.കുര്യൻ കൗണ്ടർ ഉദ്ഘാടനം ചെയ്തു.
ആഭ്യന്തര ടെർമിനലിൽ ആണ് കൗണ്ടർ പ്രവർത്തിക്കുന്നത്. 24 മണിക്കൂറും സേവനം ലഭിക്കും. ധനലക്ഷ്മി ബാങ്കാണ് കൗണ്ടർ പ്രവർത്തിപ്പിക്കുക. തീർഥാടകർക്കാവശ്യമായ നിർദേശങ്ങളും, സന്നിധാനത്ത് നിന്ന് ലഭിക്കുന്ന അപ്പം, അരവണ പ്രസാദങ്ങൾക്ക് വേണ്ടിയും നെയ്യഭിഷേകത്തിന് വേണ്ടിയുമുള്ള കൂപ്പണുകളും ഈ കൗണ്ടറിൽ നിന്ന് വാങ്ങാം.
സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ എ.എം.ഷബീർ, ചീഫ് ഫിനാഷ്യൽ ഓഫീസർ സുനിൽ ചാക്കോ, സിഐഎസ്എഫ് സീനിയർ കമാൻഡന്റ് എം.ശശികാന്ത്, ധനലക്ഷ്മി ബാങ്ക് റീജിയണൽ ഹെഡ് രാമകൃഷ്ണൻ എസ്, ദേവസ്വം ബോർഡ് അസി.എൻജിനീയർ ഷാജി വി.കെ. തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.