പത്തനംതിട്ട: ശബരിമലയില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മണ്ഡല-മകരവിളക്ക് കാലത്ത് വാഹനങ്ങള്‍ക്ക് പോലീസ് പാസ് നിര്‍ബന്ധമാക്കി. ആവശ്യമായ വിവരങ്ങള്‍ അവരവരുടെ പോലീസ് സ്റ്റേഷനില്‍ നൽകിയാൽ പാസ് സൗജന്യമായി ലഭിക്കും. ഇത് വാഹനത്തിന്റെ മുന്‍ ഗ്ലാസില്‍ പ്രദര്‍ശിപ്പിക്കുകയും വേണം. പാസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് നിലയ്ക്കലും മറ്റ് സ്ഥലങ്ങളിലും പാര്‍ക്കിംഗ് അനുവദിക്കില്ല.
കടകളിലും മറ്റും ജോലിക്കായി എത്തുന്നവരും കരാര്‍ ജോലിക്കാരും അവരവരുടെ പേര്, വിലാസം എന്നിവ തെളിയിക്കുന്ന ആധികാരിക രേഖ, സ്ഥിരതാമസമാക്കിയിട്ടുള്ള പോലീസ് സ്റ്റേഷനില്‍ നിന്നുമുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഹെല്‍ത്ത് കാര്‍ഡ് എന്നിവ സഹിതം ജോലി ചെയ്യുന്ന സ്ഥലത്തെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് നല്‍കേണ്ടതും അവിടെ നിന്നും നിശ്ചിത മാതൃകയിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഈ മാസം 13ന് മുമ്പ് കൈപ്പറ്റേണ്ടതുമാണ്. തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശമില്ലാത്തവരെ ജോലിയില്‍ തുടരുവാന്‍ അനുവദിക്കില്ലെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.