ശബരിമല: പമ്പ മുതല്‍ സന്നിധാനം വരെയുള്ള കാനനപാതയില്‍ നീലിമല ബോട്ടം, നീലിമല മിഡില്‍, നീലിമല ടോപ്പ്, അപ്പാച്ചിമേട് ബോട്ടം, അപ്പാച്ചിമേട് മിഡില്‍, അപ്പാച്ചിമേട് ടോപ്പ്, ശബരിപീഠം, മരക്കൂട്ടം, ക്യൂ കോംപ്ലക്സ്, ശരംകുത്തി, വാവരുനട എന്നിവിടങ്ങിലും പാണ്ടിത്താവളം, ചരല്‍മേട് ടോപ്പ്, ഫോറസ്റ്റ് മോഡല്‍ ഇ.എം.സി., ചരല്‍മേട് ബോട്ടം തുടങ്ങിയ സ്ഥലങ്ങളിലുമായി ആരോഗ്യവകുപ്പ് 15 എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍ ക്രമീകരിച്ചിട്ടുണ്ട്. ഇവിടെ പരിശീലനം ലഭിച്ച നഴ്സുമാര്‍, നഴ്സിങ് പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍, അയ്യപ്പസേവാ സംഘത്തില്‍പ്പെട്ട വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ 24 മണിക്കൂറും പ്രവര്‍ത്തനനിരതമായ സേവനമനുഷ്ഠിക്കുന്നു.
പരിചണം ആവശ്യമായിവരുന്ന അയ്യപ്പന്മാര്ക്ക് ഇവിടെ പ്രഥമശുശ്രൂഷ നല്‍കിയശേഷം ആവശ്യമെങ്കില്‍ ആശുപത്രിയിലേയ്ക്ക് മാറ്റും. രണ്ട് ഷിഫ്റ്റുകളിലായി ഓരോ കേന്ദ്രത്തിലും നാലുപേര്‍ അടങ്ങുന്ന വൈദ്യസഹായ സംഘം കൂടാതെ അയ്യപ്പസേവാ സംഘം വോളന്റിയര്‍മാരും 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്നു.
ഹൃദയസംബന്ധമായ ബുദ്ധിമുട്ട് നേരിട്ടാല്‍ അടിയന്തര സഹായത്തിന് എല്ലാ സെന്ററുകളിലും ഹൃദയ പുനരുജ്ജീവന യന്ത്രം ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്.