പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട വൈകിട്ട് അഞ്ചിന് തുറന്നു. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരിയും ചേര്‍ന്ന് ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചതോടെ തുലാമാസ പൂജകള്‍ക്ക് തുടക്കമായി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മെമ്പര്‍മാരായ കെ.പി ശങ്കരദാസ്, കെ. രാഘവന്, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
18 ന് രാവിലെ നടതുറന്ന് നിര്‍മാല്യവും പതിവ് പൂജകളും, നെയ്യഭിഷേകവും, ഗണപതി ഹോമവും നടക്കും. ഉഷപൂജയ്ക്ക് ശേഷം ശബരിമലയിലെ മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും. മേല്‍ശാന്തി നറുക്കെടുപ്പിനായി പട്ടികയില്‍ ഇടം നേടിയ ഒന്‍പത് ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് അതില്‍ നിന്നാണ് പുതിയ മേല്‍ശാന്തിയെ നറുക്കെടുക്കുക. പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തുന്ന കുട്ടികളാണ് നറുക്ക് എടുക്കുക. മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പും തുടര്‍ന്ന് നടക്കും. ഒന്‍പത് പേരാണ് മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഇരു മേല്‍ശാന്തിമാരും പുറപ്പെടാ ശാന്തിമാരായിരിക്കും. അടുത്ത ഒരു വര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന മേല്‍ശാന്തിമാര്‍ നവംബര്‍16 ന് ഇരുമുടി കെട്ടുമായി മലചവിട്ടി സന്നിധാനത്ത് എത്തും. അഞ്ചു ദിവസത്തെ തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട 22 ന് രാത്രി ഹരിവരാസനം പാടി അടയ്ക്കും.