പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടന കാലത്ത് ഉണ്ടാവാന്‍ സാധ്യതയുള്ള അത്യാഹിതങ്ങള്‍ ഒഴിവാക്കുന്നതിന് ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഇത്തവണ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും അടിയന്തരഘട്ട പ്രതികരണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ദുരന്തനിവാരണത്തില്‍ വൈദഗ്ധ്യമുള്ളവരുടെ സേവനം ഉറപ്പാക്കും. ഡെപ്യൂട്ടി കളക്ടര്മാരാരുടെ നിയന്ത്രണത്തിലായിരിക്കും അടിയന്തരഘട്ട പ്രതികരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.
അത്യാധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ തീര്‍ത്ഥാടകരുടെ തിരക്ക്, കാലാവസ്ഥ വ്യതിയാനങ്ങള്‍, ഹോട്ട് ലൈനുകള്‍-വയര്‍ലസുകള്‍ തുടങ്ങി വിവിധങ്ങായ ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവ ഒരുക്കും. ഇതിന്റെ സഹായത്തിലൂടെ ലഭ്യമാകുന്ന അറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ കൃത്യമായ ഏകോപനം സാധ്യമാക്കും.
തീര്‍ത്ഥാടന കാലയളവിന് മുന്‍പായി തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സബ് കളക്ടര്‍ വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 29ന് സുരക്ഷാ പരിശോധനാ യാത്ര നടത്തും. ജില്ലാതല ഉദ്യോഗസ്ഥര്‍ പത്തനംതിട്ട മുതല്‍ പമ്പവരെയുള്ള പ്രദേശങ്ങളിലെ ക്രമീകരണങ്ങള്‍ വിലയിരുത്തും. തുടര്‍ന്ന് പമ്പയില്‍ നിന്നും സന്നിധാനം വരെ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സുരക്ഷാ പരിശോധനാ യാത്രയും നടത്തും.
അയ്യപ്പന്മാര്ക്ക് നടപ്പാതയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അപകങ്ങള്‍, വെടിക്കെട്ട് നടത്തുന്ന പ്രദേശങ്ങളിലെ അപകടങ്ങള്‍, അഗ്നിബാധക്കുള്ള സാധ്യതകള്‍, അന്നദാന മണ്ഡപങ്ങളിലെ ക്രമീകരണങ്ങള്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലെ അപകട സാധ്യതകള്‍ വിലയിരുത്തും. കഴിഞ്ഞ തീര്‍ഥാടന കാലയളവില്‍ 52 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മരണ നിരക്ക് കുറച്ച് കൊണ്ടുവരുന്നതിന് കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങളും ആരോഗ്യ പ്രവര്‍ത്തകരെയും സജ്ജീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ഐ.എല്‍.ഡി.എമ്മിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഗോകുല്‍ വിഷയാവതരണം നടത്തി.