25
Monday
January 2021

ശബരിമല : 139 കിയോസ്‌കുകളിലൂടെ 6.60 ലക്ഷം ലിറ്റര്‍ കുടിവെള്ള വിതരണം

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട : പമ്പ, ശരണപാത, സന്നിധാനം എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രതിദിനം 6.60 ലക്ഷം ലിറ്റര്‍ ശുദ്ധീകരിച്ച കുടിവെള്ളം വിതരണം ചെയ്യുന്നതായി ജലവിഭവ മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. 139 കിയോസ്‌കുകളിലായി 312 ടാപ്പുകളാണ് ഇതിനായി സ്ഥാപിച്ചിട്ടുള്ളത്. ഇതിനുപുറമെ 130 ലക്ഷം ലിറ്റര്‍ ശുദ്ധജലം പമ്പ, സന്നിധാനം, ശരണപാത എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്നു. 11 ആര്‍.ഒ പ്ലാന്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ചൂട്, തണുപ്പ്, സാധാരണ വെള്ളം ലഭിക്കുന്ന 12 ഡിസ്‌പെന്‍സറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ 24 മണിക്കൂറും വെള്ളം ലഭിക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി, ത്രിവേണി സ്റ്റോര്‍, പമ്പ ഐബി, നീലിമല ടോപ്പ് കാര്‍ഡിയോളജി സെന്റര്‍, പമ്പ് ഹൗസ്, അപ്പാച്ചിമേട് പമ്പ് ഹൗസ്, കാര്‍ഡിയോളജി സെന്റര്‍, ശബരീപീഠം, ശരംകുത്തി, സന്നിധാനം ഐബി എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.

നിലയ്ക്കലില്‍ 40 ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണിക്കു പുറമേ വാട്ടര്‍ അതോറിറ്റി 25.75 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. 27 ആര്‍.ഒ പ്ലാന്റുകള്‍ വഴി 5.40 ലക്ഷം ലിറ്റര്‍ കുടിവെള്ളം 153 കിയോസ്‌കുകളിലൂടെ വിതരണം ചെയ്യുന്നു. ശുചിമുറികളിലും ജലം ലഭ്യമാക്കിയിട്ടുണ്ട്.

സീതത്തോട്, പമ്പ ജല ശുദ്ധീകരണശാലകളില്‍ നിന്ന് ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം നിലക്കലിലേക്ക് എത്തിക്കുന്നു. പ്രതിദിനം 15 മുതല്‍ 20 ടാങ്കര്‍ ലോറികള്‍ ഇതിനായി ഉപയോഗിക്കുന്നു. പുതിയതായി സ്ഥാപിച്ച രണ്ട് കുഴല്‍കിണറുകളും പ്രവര്‍ത്തനസജ്ജമാണ്. കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന മുറയ്ക്ക് നിലയ്ക്കലില്‍ കൂടുതല്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ അധിക യൂണിറ്റുകള്‍ സംഭരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ശബരിമലയുടെ പ്രധാന ഇടത്താവളങ്ങളായ പന്തളം, കുളനട, റാന്നി, വടശ്ശേരിക്കര, എരുമേലി, പെരിനാട്, ളാഹ, പ്ലാപ്പള്ളി, കോട്ടയം തിരുനക്കര, ചാലക്കയം എന്നിവിടങ്ങളില്‍ ശുദ്ധജലം നല്‍കാന്‍ വാട്ടര്‍ അതോറിറ്റി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കായി പമ്പയില്‍ വാട്ടര്‍ അതോറിറ്റിയുടെ ലാബ് പ്രവര്‍ത്തിക്കുന്നു. നിലയ്ക്കലില്‍ ഗുണനിലവാര പരിശോധനയ്ക്ക് താത്കാലിക ലാബും സജ്ജമാണ്.ജലവിതരണ സംവിധാനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് പത്തനംതിട്ട/അടൂര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com