27
Tuesday
October 2020

‘സുരക്ഷിതം’ പദ്ധതി; മൂന്നാംഘട്ട പരിശീലനം ആരംഭിച്ചു

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 75 വിദ്യാലയങ്ങളില്‍ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ‘സുരക്ഷിതം’ പദ്ധതിയുടെ മൂന്നാംഘട്ട അധ്യാപകപരിശീലനം ആരംഭിച്ചു. യു.പി, ഹൈസ്‌കൂള്‍,ഹയര്‍സെക്കന്ററി വിദ്യാലയങ്ങളിലെ കൗമാരക്കാരായ കുട്ടികളെ കേന്ദ്രീകരിച്ചാണ് പദ്ധതി. വിവധ ജീവിത സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ നേരിടാവുന്ന വിവേചനങ്ങളെക്കുറിച്ചും അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ധാരണ വിപുലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും നിയമപരിരക്ഷയെക്കുറിച്ചുമുള്ള അവബോധം ഉറപ്പുവരുത്തുന്നതിനും വീട്ടിലും വിദ്യാലയത്തിലും വിവേചനരഹിതമായ അന്തരീക്ഷം ഉറപ്പുവരുത്തി ഗുണപരതയുള്ള കേന്ദ്രമായി ഓരോ വിദ്യാലയത്തെയും രൂപപ്പെടുത്തുന്നതിനും സുരക്ഷിതം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

അമ്പത് അധ്യാപകര്‍ക്കായി പത്തനംതിട്ട ബി.ആര്‍.സിയില്‍ നടന്ന മൂന്നാം ബാച്ച് അധ്യാപക പരിശീലനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജിഅനിത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍.വിജയമോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പത്തനംതിട്ട ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ കെ.എന്‍. ശ്രീകുമാര്‍, കോന്നി ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ എന്‍.എസ് രാജേന്ദ്രകുമാര്‍, ട്രയിനര്‍ കെ ജി മിനി എന്നിവര്‍ സംസാരിച്ചു.

അധ്യാപക പരിശീലനത്തെ തുടര്‍ന്ന്, തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പരിശീലനം നേടിയ അധ്യാപകര്‍ ക്ലാസെടുക്കും. വീടുകളിലും വിദ്യാലയത്തിലും പൊതുസമൂഹത്തിലും കുട്ടികള്‍ അനുഭവിക്കുന്ന വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അധ്യാപകരെയും ഉത്തരവാദിത്തപ്പെട്ടവരെയും അറിയിക്കുന്നതിനായി ‘സുരക്ഷിതം പെട്ടികള്‍’ ഓരോ വിദ്യാലയത്തിലും സ്ഥാപിക്കും. രഹസ്യമായും മന:ശാസ്ത്രപരമായും പ്രശ്‌നപരിഹാരണത്തിനുള്ള മാര്‍ഗങ്ങള്‍ സ്‌കൂള്‍ മേലധികാരിമുഖേന നടപ്പാക്കും. ഫെബ്രുവരി അഞ്ചിന് മുമ്പ് ജില്ലയിലെ 75 സ്‌കൂളുകളിലും പദ്ധതി നടപ്പാക്കും.ട്രെയിനര്‍മാരായ ഡി.ലേഖ, ബി.ശ്രീലേഖ, സി.ജി പ്രസന്നകുമാരി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com