തിരുവനന്തപുരം: സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സേവനം അനുഷ്ഠിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആചാരലംഘനം ഉണ്ടാകാതിരിക്കുന്നതു പരിഗണിച്ച് ഷൂസ്, ബെല്‍റ്റ് എന്നിവ ധരിക്കേണ്ടെന്നു നിര്‍ദേശം. മറ്റു സ്ഥലങ്ങളില്‍ ഇത്തരം പരിമിതികള്‍ ഇല്ലാത്തതിനാല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷിതത്വം കണക്കാക്കി ആവശ്യമായ യൂണിഫോം ധരിക്കണം. ഭക്തരെ ‘സ്വാമി’ എന്ന വാക്ക് ഉപയോഗിച്ച് സംബോധന ചെയ്യരുതെന്നു പൊലീസിനു നിര്‍ദേശം നല്‍കിയിട്ടില്ല. സാമാന്യ മര്യാദപ്രകാരം ഉചിതമായ വാക്കുകള്‍ അഭിസംബോധനയ്ക്ക് ഉപയോഗിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എല്ലാ വ്യക്തികള്‍ക്കും അവകാശമുണ്ടെന്നും പൊലീസ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
സന്നിധാനത്ത് ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണ്. ശബരിമലയിലെ ഒരു ആചാര അനുഷ്ഠാനങ്ങൾക്കും തടസ്സമുണ്ടാകുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. കൂപ്പണ്‍ എടുത്തിട്ടുള്ള ഭക്തര്‍ക്ക് നെയ്യഭിഷേകത്തിന് സന്നിധാനത്ത് തങ്ങാന്‍ അവസരം നല്‍കുന്നുണ്ട്.
കഴിഞ്ഞ മാസങ്ങളിലുണ്ടായ ക്രമസമാധാന പ്രശ്നങ്ങളും നിലവിലെ അവസ്ഥയും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും പരിഗണിച്ച് ശബരിമലയിലും പരിസരങ്ങളിലും ജാഥ, പ്രകടനങ്ങള്‍, ധര്‍ണ എന്നിവ നടത്തുകയോ തീര്‍ഥാടകരെ തടയുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാന്‍ പാടില്ലെന്നു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമല സുരക്ഷാഭീഷണി നേരിടുന്ന സ്ഥലങ്ങളുടെ പട്ടികയില്പ്പെടുന്നതിനാലാണ് നിയന്ത്രണങ്ങള്‍.
തീര്‍ഥാടകര്‍ എത്രയും വേഗം ദര്‍ശനം പൂര്‍ത്തിയാക്കി നിലയ്ക്കലില്‍ എത്തി അവിടെ പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങളില്‍ മടങ്ങിയാലേ പുതുതായി നിലയ്ക്കലിലെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യവും അവയിലെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനസൗകര്യവും ലഭ്യമാകുകയുള്ളൂ. അതിനുവേണ്ടിയാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സന്നിധാനത്ത് ഭക്തര്‍ക്ക് നിര്‍ദ്ദിഷ്ടസ്ഥലങ്ങളില്‍ താമസിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം തീര്‍ഥാടകര്‍ക്ക് താമസസൗകര്യം ബുക്ക് ചെയ്യാവുന്നതും നിര്‍ദ്ദിഷ്ട ദിവസങ്ങളില്‍ അവിടെ താമസിക്കാവുന്നതുമാണ്.
ശബരിമല ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായുള്ള നടപടികളുമായി ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു.