കൊച്ചി: മഹാപ്രളയത്തിൽ ഒറ്റപ്പെട്ടുപോയ ആലുവയുടെ ആകാശത്ത് നാവികസേനയുടെ ഹെലികോപ്ടർ എത്തിയതോടെ ഗർഭിണിയായ സാജിതയ്ക്ക് ലഭിച്ചത് പുതുജന്മമാണ്. സാജിതയെ സാഹസികമായി വടം ഉപയോഗിച്ച് കയറ്റുമ്പോൾ രണ്ട് ജീവന് വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു നാവികസേനയുടെ സംഘത്തിന് നേതൃത്വം നൽകിയ മലയാളി കമാൻഡർ വിജയ് വർമ്മയും കൂട്ടരും. കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ നാവികസേനയുടെ ഐ.എൻ.എസ് സഞ്ജീവനി ആശുപത്രി എത്തി മണിക്കൂറുകൾക്കുള്ളിൽ ഒരാൺകുഞ്ഞ് പിറന്നു.
രക്ഷാപ്രവർത്തനത്തിലായിരുന്ന വിജയ് വർമയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സമ്മാനങ്ങളുമായി നേവൽ ബേസിലെ ആശുപത്രിയിലെത്തി കുഞ്ഞിനെ സന്ദർശിച്ചു. സാജിദ ധൈര്യപൂർവം തയ്യാറാകുകയും നിർദ്ദേശങ്ങളെല്ലാം അനുസരിക്കുകയും ചെയ്തത് കരുത്തായെന്ന് അന്ന് ഹെലികോപ്ടർ പറത്തിയ വിജയ് വർമ പറഞ്ഞു.