മൂന്നാർ: പെട്ടിമുടി ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി. പതിനെട്ടാം ദിവസമായ ഇന്നലെയും തിരച്ചില്‍ നടന്നു. തിരച്ചിൽ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു. പ്രദേശത്ത് തുടരുന്ന മഴയും പുഴയിലെ ജലനിരപ്പുയർന്നതും തിരച്ചിലിന് തടസമായി. കാലാവസ്ഥ അനുകൂലമാകുകയാണെങ്കിൽ നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഇതുവരെ 65 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
മഴയും മഞ്ഞും കാരണം കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഉച്ചയോടെ തിരച്ചിൽ നിർത്തേണ്ട സ്ഥിതിയായിരുന്നു. ചൊവ്വാഴ്ച പെട്ടിമുടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഭൂതക്കുഴി വനമേഖലയിലെ പുഴയോരം കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും തിരച്ചില്‍ നടന്നത്. എന്നാൽ ആരെയും കണ്ടെത്താനായില്ല. കാണാതായവരുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച സ്ഥലങ്ങളും പൂർണമായും പരിശോധന പൂർത്തിയാക്കിയാണ് തിരച്ചിൽ അവസാനിപ്പിച്ചത്. ദിനേശ് കുമാർ (20), റാണി (44), പ്രീയദർശനി (7), കസ്തുരി (26), കാർത്തിക (21) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
ദേശിയ ദുരന്ത നിവാരണ സേന, അഗ്നിരക്ഷാ സേന, മൂന്നാറിലെ വിവിധ സാഹസിക പ്രവര്‍ത്തകര്‍ അടങ്ങിയ 30 അംഗ പ്രത്യേക സംഘമാണ് വനമേഖലയോട് ചേർന്ന പുഴ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയത്. വഴുക്കലുള്ള വലിയ പാറകള്‍ ഉള്ള പ്രദേശമായതിനാല്‍ സുരക്ഷാ മാർഗങ്ങൾ ഉപയോഗിച്ചായിരുന്ന തിരച്ചിൽ.