തിരുവനന്തപുരം: കേരളത്തിൽ ബാറുകൾ അടച്ചുപൂട്ടിയപ്പോൾ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ പുനരധിവാസത്തിനുളള പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്കി. ‘സുരക്ഷാ സ്വയം തൊഴില്‍ പദ്ധതി’ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
അഞ്ച് വര്‍ഷത്തേക്ക് 2.5 ലക്ഷം രൂപ വായ്പയായും അര ലക്ഷം രൂപ ഗ്രാന്റ്/സബ്സിഡി ആയും അനുവദിക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ മാസ ഗഡുക്കളായി തിരിച്ചടക്കണം. നാലു ശതമാനമാണ് പലിശ. തൊഴിൽ പരിശീലനം ആവശ്യമെങ്കിൽ വ്യവസായ പരിശീലന വകുപ്പ് നല്‍കും.
ഓള് കേരള ബാര്‍ ഹോട്ടല്‍സ് ആന്‍ഡ് റസ്റ്റോറന്റ് എംപ്ലോയീസ് അസോസിയേഷന് മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. തൊഴില്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കണമെന്നും 45000 തൊഴിലാളികൾ തൊഴിൽ രഹിതരാകുകയും പതിനാലോളം പേര് ആത്മഹത്യചെയ്തതായും നിവേദനത്തിൽ പറയുന്നു.