കോട്ടയം: അടച്ചുറപ്പുള്ള സുരക്ഷിത ഭവനമെന്ന ഷൈലജയുടെയും മകള്‍ സാന്ദ്രയുടെയും സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒത്തുകൂടിയിരിക്കുകയാണ് ഒരു ഗ്രാമം മുഴുവന്‍. മേലുകാവ് അരീപ്പറമ്പില്‍ ഷൈലജ സജിയ്ക്കാണ് പഞ്ചായത്ത് കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്നേഹവീട് പദ്ധതിയിലുള്‍പ്പെടുത്തി വീട് ഒരുക്കുന്നത്. പന്ത്രണ്ടാം വാര്‍ഡില്‍ ഇവര്‍ക്കു സ്വന്തമായുള്ള 3 സെന്റ് ഭൂമിയിലാണ് വീട് നിര്‍മ്മിക്കുന്നത്.
മരം കയറ്റ തൊഴിലാളിയായിരുന്ന ഭര്‍ത്താവ് സജി ഒന്നര വര്‍ഷം മുമ്പ് മരിച്ചതോടെ കുടുംബത്തിന്റെ ഏകആശ്രയം ഷൈലജ മാത്രമായി.എന്നാല്‍ ശാരീരിക അവശതകള്‍ മൂലം ഇവര്‍ക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഏകമകള്‍ സാന്ദ്ര ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
മകളുടെ വിദ്യാഭ്യാസവും ദൈന്യംദിന ചെലവുകളും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയാതെ ബുദ്ധിമുട്ടിലായ കുടുംബത്തിന് ആശ്വാസമായാണ് സ്നേഹവീട് പദ്ധതി എത്തിയത്. മേലുകാവ് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ 36,000 രൂപയാണ് ആദ്യഘട്ട നിര്‍മ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്. ഇവിടുത്തെ 93 കുടുംബശ്രീ ഗ്രൂപ്പുകളില്‍ നിന്ന് ശേഖരിച്ച തുകയാണിത്. ഒരു ഗ്രൂപ്പില്‍ നിന്ന് 4000 രൂപ വീതം നല്‍കിയാണ് പണം സമാഹരിച്ചത്. ഏകദേശം 7 ലക്ഷത്തോളം രൂപയാണ് നിര്‍മ്മാണ ചെലവായി കണക്കാക്കുന്നത്.
അധിക തുക കണ്ടെത്താന്‍ വ്യക്തികളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായം തേടുന്നുണ്ട്. മേലുകാവില്‍ ‘സ്നേഹവീട്’ പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന ആദ്യ വീടാണ് ഇത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്തവരും വീടിന് അര്‍ഹതയുള്ളവര്‍ക്കുമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് വെച്ച് നല്‍കുന്നത്.
സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ഷൈലജയെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ലൈഫ് പദ്ധതി മാതൃകയിലുള്ള 400 സ്വകയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീടിന്റെ പ്ലാനാണ് തയാറാക്കിയിരിക്കുന്നത്.വീട് നിര്‍മ്മാണത്തിനുള്ള സാമഗ്രികള്‍ എത്തിച്ചു നല്‍കാനായി ഹെന്റി ബേക്കര്‍ കോളേജ് എന്‍.എസ്.എസ് യൂണിറ്റും തയാറായിട്ടുണ്ട്. പദ്ധതിയ്ക്ക് പൂര്‍ണ പിന്തുണയുമായി പഞ്ചായത്തും രംഗത്തുണ്ട്.
വീടിന്റെ നിര്‍മ്മാണോദ്ഘാടനം മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മോള് ജോസഫ് നിര്‍വ്വഹിച്ചു. കുടുംബശ്രീ യൂണിറ്റുകളുടെ ഐക്യവും പ്രവര്‍ത്തനങ്ങളും മാതൃകയാണെന്ന് അവര്‍ പറഞ്ഞു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അലീസ് ജോസഫ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ നിമ്മി ഷിജു, വൈസ് ചെയര്‍പേഴ്സണ്‍ നിര്‍മല പ്രസാദ്, വാര്‍ഡുതല സി.ഡി.എസ് അംഗങ്ങളായ ഷൈല ബാബു, ജോര്‍ളി ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.