കോട്ടയം: പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ ഉണ്ടാകാനിടയുള്ള പനിയ്ക്കും മറ്റ് പകര്‍ച്ചവ്യാധികള്‍ക്കും ജാഗ്രതാപൂര്‍വ്വം ചികിത്സ ലഭ്യമാക്കുന്നതിന് ജില്ലാ താലൂക്ക് ആശൂപത്രികളില്‍ പനിവാര്‍ഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ്ബ് വര്‍ഗ്ഗീസ് അറിയിച്ചു. പനിബാധിച്ചെത്തുന്നവരെ നിരീക്ഷിക്കുന്നതിനും മറ്റ് രോഗസാധ്യത പരിശോധിക്കുന്നതിനുമുള്ള ക്രമീകരണവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രളയം നേരിട്ട 24 ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിച്ചിട്ടുള്ള താല്‍ക്കാലിക ആശുപത്രികളിലും പനിയ്ക്കും മറ്റ് പകര്‍ച്ച വ്യാധികള്‍ക്കും ചികിത്സ നല്കി. പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങിയിട്ടുള്ളവര്ക്കും എലിപ്പനി പ്രതിരോധ മരുന്ന് നല്‍കുന്നതിന് പ്രഥമികാരോഗ്യ കേന്ദ്രങ്ങളിലുള്‍പ്പെടെയുള്ള എല്ലാ ആശുപത്രികളിലും പ്രത്യേക കൗണ്ടറുകളും തുറന്നിട്ടുണ്ട്. ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സംഘം പ്രളയ മേഖലകളിലെ വീടുകളിലും സ്ഥാപനങ്ങളിലും എത്തി പ്രതിരോധ ഗുളിക നല്കി വരുകയാണ്. ഒരാള്‍ക്ക് ആഴ്ചയില്‍ രണ്ട് ഗുളികകള്‍ എന്ന കണക്കില്‍ ആറ് ആഴ്ചത്തേക്കുള്ള 12 ഗുളികകളാണ് നല്‍കുന്നത്. എഴുപത്തിഅയ്യായിരം കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷനും ഈ സംഘത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്.