തിരുവനന്തപുരം: കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷന്റെ സിൽവർലൈൻ സെമിഹൈസ്പീഡ് ട്രെയിൻ സർവീസ് സംബന്ധിച്ച് നിയമസഭാ സാമാജികർക്കായി പ്രത്യേക അവതരണം നടത്തി. 2024ഓടെ പദ്ധതി യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലാവും ട്രെയിൻ സഞ്ചരിക്കുക. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാവും സ്റ്റേഷനുകൾ. തിരുവനന്തപുരത്ത് കൊച്ചുവേളിയിലാണ് സ്റ്റേഷൻ ഉദ്ദേശിക്കുന്നത്. അതിവേഗത്തിൽ സഞ്ചരിക്കാവുന്ന സ്റ്റാൻഡേർഡ് ഗേജുകളാണ് ഇതിനായി നിർമിക്കുക. 532 കിലോമീറ്റർ ദൈർഘ്യമുള്ള ഡബിൾ ലൈൻ ഒരുക്കും. 66079 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ട്രാക്കും റെയിൽവേ സ്റ്റേഷനുകളും നിർമിക്കാനായി 1226 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുമായി ബന്ധപ്പെടുത്തിയാവും സർവീസ്. സെമി ഹൈസ്പീഡ് ട്രെയിൻ സർവീസ് യാഥാർത്ഥ്യമാവുന്നതോടെ നിരത്തിൽ നിന്ന് 7500 വാഹനങ്ങൾ ഒഴിവാകുമെന്നാണ് കരുതുന്നത്. പുതിയ പഠനം അനുസരിച്ച് 74000 പേർ പ്രതിദിനം ട്രെയിൻ സർവീസ് പ്രയോജനപ്പെടുത്തും. സൗരോർജം ഉപയോഗിച്ചാവും പ്രവർത്തനം. പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ 11000 പേർക്ക് ജോലി ലഭിക്കുമെന്നാണ് കരുതുന്നത്. അഞ്ച് മിനിട്ടിൽ ഒരു ട്രെയിൽ എന്ന കണക്കിൽ സർവീസ് നടത്താനാവും. ഒരു ട്രെയിനിൽ 15 ബോഗികൾ വരെ ഘടിപ്പിക്കാം. ഒരു ബോഗിയിൽ 75 പേർക്ക് യാത്ര ചെയ്യാനാവും. അറ്റകുറ്റപ്പണികൾക്കുള്ള ഡിപ്പോ കൊല്ലത്താണ് സ്ഥാപിക്കുക. കെ-റെയിൽ എം. ഡി അജിത്ത്കുമാറാണ് അവതരണം നടത്തിയത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാർ, എം. എൽ. എമാർ എന്നിവർ സന്നിഹിതരായിരുന്നു.