11
Tuesday
May 2021

സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസിനീ സഭയില്‍ നിന്ന് പുറത്താക്കി

Google+ Pinterest LinkedIn Tumblr +

കൊച്ചി: കന്യാസ്ത്രീയെ മാനഭംഗം ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തുകയും കത്തോലിക്കാസഭയിലെ വിവേചനങ്ങള്‍ക്കും അനീതിക്കുമെതിരെ പ്രതികരിക്കുകയും ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യസ്‌തസഭയില്‍ നിന്ന് പുറത്താക്കി. കാനോന്‍നിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് ആലുവ ആസ്ഥാനമായ ഫ്രാന്‍സിസ് ക്ളാരിസ്റ്റ് കോണ്‍ഗ്രഗേഷന്‍ (എഫ്.സി.സി) പുറത്താക്കിയത്. വയനാട് മാനന്തവാടി കാരയ്‌ക്കാമല വിമലഹോം അംഗമായിരുന്നു സിസ്റ്റര്‍ ലൂസി. മേയ് 11 നു ചേര്‍ന്ന എഫ്.സി.സിയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനം വത്തിക്കാനിലെ പൗരസ്ത്യസഭകള്‍ സംബന്ധിച്ച സമിതി അംഗീകരിച്ചതായി സിസ്റ്റര്‍ ലൂസിക്ക് ഈ മാസം അഞ്ചിനു നല്‍കിയ പുറത്താക്കല്‍ ഉത്തരവില്‍ പറയുന്നു.

ജനറല്‍ കൗണ്‍സില്‍ ഐകകണ്ഠ്യേനയാണ് തീരുമാനമെടുത്തത്. ഉത്തരവ് കൈപ്പറ്റി പത്തുദിവസത്തിനകം മഠം വിട്ടുപോകണമെന്നും എഫ്.സി.സി സൂപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് നിര്‍ദ്ദേശിച്ചു. ഉത്തരവ് മാനന്തവാടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് നേരിട്ട് കൈമാറി.

മൂന്നുതവണ നോട്ടീസ് നല്‍കുകയും ഒരിക്കല്‍ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ചെയ്തശേഷമാണ് പിരിച്ചുവിടല്‍. സഭാനിയമങ്ങള്‍ പാലിക്കാന്‍ കഴിയില്ലെങ്കില്‍ രാജിക്കത്ത് നല്‍കി പുറത്തുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ പുറത്താക്കുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.

പുറത്താക്കലിനെതിരെ സിസ്റ്റര്‍ ലൂസിക്ക് പത്തു ദിവസത്തിനകം പരാതി നല്‍കാം. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിയായ നൂണ്‍ഷ്യോയ്ക്കും വത്തിക്കാനിലെ പൗരസ്ത്യസഭയുടെ ചുമതലക്കാരനായ കര്‍ദ്ദിനാള്‍ ലിയോനാര്‍ഡോ സാന്ദ്രിക്കുമാണ് പരാതി നല്‍കാവുന്നത്. അതിനുശേഷം സന്യസ്തസഭയുമായി യാതൊരു ബന്ധവുമുണ്ടാകില്ല.

ലൂസിക്കെതിരായ കുറ്റാരോപണങ്ങള്‍

നിരവധി തവണ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചു

സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ചു

കാനോന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി പെരുമാറി

സഭാവസ്ത്രം സ്വീകരിക്കുമ്ബോള്‍ ചൊല്ലുന്ന പ്രതിജ്ഞ ലംഘിച്ചു

അനുസരണാവ്രതവും ദാരിദ്ര്യവ്രതവും ആവര്‍ത്തിച്ച്‌ ലംഘിച്ചു.

അദ്ധ്യാപനത്തിന് കിട്ടുന്ന ശമ്പളം 2017 ഡിസംബര്‍ മുതല്‍ മഠത്തിന് നല്‍കിയില്ല

മദര്‍ സുപ്പീരിയറിനെ കാണണമെന്ന ഉത്തരവുകള്‍ പാലിച്ചില്ല

2015ല്‍ നല്‍കിയ സ്ഥലംമാറ്റം സ്വീകരിച്ചില്ല.

ചുരിദാര്‍ ധരിച്ച ചിത്രം ഫേസ്ബുക്കിലിട്ടു

അനുമതിയില്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് നേടി സ്വന്തമായി കാര്‍ വാങ്ങി.

സഭയ്ക്കെതിരെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ടി.വി ചര്‍ച്ചകളില്‍ പങ്കെടുത്തു.

എവിടേയ്ക്കാണെന്ന് അറിയിക്കാതെ മഠത്തിന് പുറത്തുപോകുന്നു. അര്‍ദ്ധരാത്രിക്കു ശേഷം തിരിച്ചുവരുന്നു.

സ്വാഭാവിക നടപടിക്രമം

സന്യാസിനി സമൂഹത്തിന്റെ വ്രതങ്ങളും സഭയിലെ നിയമങ്ങളും തുടര്‍ച്ചയായി ലംഘിച്ചപ്പോഴുണ്ടായ സ്വാഭാവികമായ നടപടിക്രമം മാത്രമാണ് ഇത്. പുറത്താക്കലിന് നിര്‍ബന്ധിതമാകുകയായിരുന്നു.

— സിസ്റ്റര്‍ ആന്‍ ജോസഫ്,

സുപ്പീരിയര്‍ ജനറല്‍ എഫ്.സി.സി

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com