മലപ്പുറം: കവളപ്പാറയില്‍ നിന്ന് ഇന്ന് ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ഇവിടെ നിന്നും കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 46 ആയി. അതേസമയം, ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്താനായി ഹൈദരാബാദില്‍ നിന്നെത്തിച്ച ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചില്‍ ഫലം കണ്ടില്ല. മണ്ണിലെ വെള്ളത്തിന്റെ സാന്നിധ്യമാണ് റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചിലിന് തടസ്സമായത്.
ജലസാന്നിധ്യം കാരണം റഡാര്‍ കിരണങ്ങള്‍ക്ക് മണ്ണിനടിയിലേയ്ക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇതാണ് തടസ്സമുണ്ടാക്കുന്നതെന്നും ഹൈദരാബാദില്‍ നിന്നുള്ള ശാസ്ത്രജ്ഞന് ആനന്ദ് കെ. പാണ്ഡെ പറഞ്ഞു.
കവളപ്പാറയില്‍ അതിശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. രാവിലെ മുതല്‍ നല്ല കാലാവസ്ഥയായിരുന്നതിനാല്‍ ഊര്‍ജിതമായ തിരച്ചില്‍ നടന്നവരുന്നതിനിടെയാണ് കാറ്റും മഴയും ആരംഭിച്ചത്. ഇപ്പോള്‍ തിരച്ചില്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്.
13 പേരെക്കൂടി ഇനി ഇവിടെ നിന്ന് കണ്ടെത്താനുണ്ട്. സംസ്ഥാനത്ത് പ്രളയക്കെടുതിയിലും ഉരുള്‍ പൊട്ടലിലും മരിച്ചവരുടെ എണ്ണം 128 ആയി.