മലപ്പുറം: പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുന്‍പന്തിയിലെത്തിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. ‘ബേട്ടി ബചാവോ
ബേട്ടി പഠവോ’ പദ്ധതിയുടെ ഭാഗമായി കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് ഔട്ട് റീച്മെന്റ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്മെന്റ്, ജില്ലാ ഭരണകൂടം എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച ‘സുവര്‍ണ കന്യക’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികളെയും ഭിന്നശേഷിക്കാരെയും മുന്‍പന്തിയിലെത്തിക്കേണ്ടത് സാമൂഹികപരമായ ഉത്തരവാദിത്തമാണ്. എല്ലാ ഓഫിസുകളും സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കണം. സ്ത്രീപുരുഷ തുല്യത ആരംഭിക്കേണ്ടത് വീട്ടില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ബേട്ടി ബചാവോ, ബേട്ടി പഠാവോ (പെണ്‍കുട്ടിയെ സംരക്ഷിക്കൂ, പെണ്‍കുട്ടിയെ പഠിപ്പിക്കൂ) എന്ന സന്ദേശം മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഏറെ പ്രസക്തമാണ്. നേരത്തെയുള്ള വിവാഹം മൂലം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണ്. സാമൂഹിക രാഷ്ട്രീയസാമ്പത്തിക രംഗങ്ങളിലെല്ലാം രാജ്യത്തെ സ്ത്രീകള്‍ വിവേചനം അനുഭവിക്കുന്നുണ്ട്. സ്ത്രീപുരുഷ അനുപാതത്തിലുണ്ടായ മാറ്റം ആശങ്ക
നല്‍കുന്നതായിരുന്നു. എന്നാല്‍ മലപ്പുറത്തടക്കം ആശാവഹമായ മുന്നേറ്റമുണ്ടായിട്ടുണ്ട്. സ്ത്രീയായാലും പുരുഷനായാലും ട്രാന്‍സ് ജന്ഡറായാലും തുല്യ അവകാശങ്ങള്‍ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. ലിംഗസമത്വത്തിലൂടെ ജനാധിപത്യത്തെയും രാജ്യത്തെയും ശക്തിപ്പെടുത്തണം. സ്വന്തം വീട്ടില്‍ പെണ്‍കുട്ടിക്ക് തുല്യപരിഗണന ഉറപ്പാക്കിയാല്‍ സാമൂഹികയാഥാര്‍ഥ്യം അംഗീകരിച്ചുവെന്നാണ്
മനസ്സിലാക്കേണ്ടത്. ഭിന്നശേഷിക്കാരാണ് പരിഗണന അര്‍ഹിക്കുന്ന മറ്റൊരു വിഭാഗം. 2013ല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കെ നടത്തിയ വിധിപ്രസ്താവത്തിന്റെ ചുവടുപിടിച്ചാണ് ഇവര്‍ക്ക് വേണ്ടി നിയമങ്ങള്‍ വന്നത്. ഓഫീസുകളും സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാണെന്ന് ഭരണകര്‍ത്താക്കള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെന്നല ബ്രാന്‍ഡ് അരി വിപണയിലെത്തിച്ച യാസ്മിന് അരിമ്പ്ര, വടകര കടത്തനാടന്‍ കളരി സംഘത്തിലെ പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ എന്നിവരെ ഗവര്‍ണര്‍ പരിപാടിയില്‍ ആദരിച്ചു. പി ഉബൈദുള്ള എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, ബ്യൂറോ ഓഫ് ഔട്ട്റീച്മെന്റ് ഡയറക്ടര്‍ അനുരാഗ് മിശ്ര, ജില്ലാ കലക്ടര്‍ അമിത് മീണ, സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്മെന്റ് ചെയര്മാന് ഡോ. പി.എ മേരി അനിത, ഡി. മുരളി മോഹന്‍, എസ്. സുബ്രഹമണ്യന്‍ എന്നിവര്‍ സംസാരിച്ചു.
പെണ്‍കുട്ടികളെ മുന്‍പന്തിയിലെത്തിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വം
Share.