22
Thursday
October 2020

ധനസമാഹരണ യജ്ഞത്തിന് ജില്ലയില്‍ തുടക്കം; നവകേരള നിര്‍മ്മിതിക്ക് സഹായപ്രവാഹം

Google+ Pinterest LinkedIn Tumblr +

മൂവാറ്റുപുഴ: മുന്‍ സൈനികന്‍ ജിമ്മി ജോര്‍ജ്ജിന്റെ പേരിലുള്ള 16.5 സെന്റ് സ്ഥലം സംഭാവന സ്വീകരിച്ച് മൂവാറ്റുപുഴ താലൂക്കിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണത്തിന് തുടക്കമായി. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി യു.കെയില്‍ ജോലി ചെയ്യുന്ന ജിമ്മി ജോര്‍ജ്ജിനു വേണ്ടി മുന്‍ സൈനികനായ പിതാവ് പി.ജെ ജോര്‍ജ് മാതാവ് മേരി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് സ്ഥലം നല്‍കുന്നതിനുള്ള സമ്മതിപത്രം മുവാറ്റുപുഴ മിനി സിവില്‍സ്റ്റേഷനില്‍ നടന്ന ധനസമാഹരണ യജ്ഞത്തില്‍ തദ്ദേശവകുപ്പ് മന്ത്രി എ. സി. മൊയ്തീന് കൈമാറി. ജിമ്മി വീട് വയ്ക്കുന്നതിനായി വാങ്ങിയ സ്ഥലമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. തുടര്‍ന്ന് നിരവധി വ്യക്തികളും സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും വിവിധ മതസ്ഥാപനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തങ്ങളുടെ സംഭാവനകള്‍ കൈമാറി.

ധനസമാഹരണ യജ്ഞത്തില്‍ 4975300 രൂപയാണ് മന്ത്രി നേരിട്ട് സ്വീകരിച്ചത്. മന്ത്രിയുടെ താലൂക്ക് തല ധനസമാഹരണത്തിന് മുന്നേ വിവിധ വ്യക്തികളും സ്ഥാപനങ്ങളും 1563850 രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് താലൂക്കിലേക്ക് ഇതുവരെ ലഭിച്ച ആകെ തുക 6539150 രൂപ.

മൂവാറ്റുപുഴ അര്‍ബന്‍ സഹകരണ ബാങ്ക് ചെയര്‍മാന്‍ പി.ആര്‍. മുരളീധരന്‍ പത്ത് ലക്ഷം രൂപയുടെ ചെക്ക് മന്ത്രിക്കു നല്‍കി. മൂവാറ്റുപുഴ നഗരസഭ സമാഹരിച്ച രണ്ട് ലക്ഷം രൂപ ചെയര്‍പേഴ്‌സണ്‍ ഉഷാ ശശിധരന്‍ കൈമാറി. ആരക്കുഴ ഗ്രാമപഞ്ചായത്തിന്റെ രണ്ട് ലക്ഷം രൂപയുടെ സഹായം പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ് ചടങ്ങില്‍ കൈമാറി. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് സമാഹരിച്ച ഒരു ലക്ഷം രൂപ പ്രസിഡന്റ് ജോസി ജോളി കൈമാറി. മാറാടി സര്‍വീസ് സഹകരണ ബാങ്ക് അഞ്ചുലക്ഷം രൂപ സംഭാവന നല്‍കി. അപ്പു ഗ്രാനൈറ്റ് ഇന്‍ഡസ്ട്രിയുടെ പേരില്‍ രണ്ട് ലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ ലഭിച്ചു. പായിപ്ര സഹകരണ ബാങ്ക് രണ്ട് ലക്ഷം രൂപ. ആനിക്കാട് സഹകരണ ബാങ്ക് അഞ്ച് ലക്ഷം രൂപ. മാറാടി സഹകരണ ബാങ്ക് അഞ്ച് ലക്ഷം രൂപ. ഫിലിപ് കെ.എം രാമമംഗലം പിറവം അഗ്രഗേറ്റ്‌സിന്റെ പേരില്‍ ഒരു ലക്ഷം. ആസ്പയര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് സൊസൈറ്റി ഒരു ലക്ഷം രൂപ. സാബു വര്‍ഗ്ഗീസ് ഒരു ലക്ഷം. മുത്തോലപുരം സഹകരണ ബാങ്ക് രണ്ട് ലക്ഷം. പായിപ്ര സഹകരണ ബാങ്ക് രണ്ട് ലക്ഷം. തൃക്കളത്തൂര്‍ സഹകരണ ബാങ്ക് മൂന്ന് ലക്ഷം. ബാബു ജേക്കബ് ഒരു ലക്ഷം എന്നിങ്ങനെ നിരവധി പേര്‍ ധനസഹായവുമായി മുന്നോട്ട് വന്നു.

പുനരധിവാസ പ്രവര്‍ത്തനം കേവലം വീടുവെച്ചു കൊടുക്കല്‍ മാത്രമല്ല എന്നു ചടങ്ങില്‍ മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. ഗൃഹോപകരണങ്ങള്‍ നഷ്ടപ്പെട്ടവരെയും കാര്‍ഷിക ജീവനോപാധികള്‍ അടക്കം നഷ്ടപ്പെട്ടവരെയും പുതുജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്. സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതിയെക്കാള്‍ കൂടുതല്‍ തുക ചെലവഴിച്ചാല്‍ മാത്രമേ കേരളത്തെ പുതിയ രീതിയില്‍ പടുത്തുയര്‍ത്താന്‍ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി. സഹജീവികള്‍ക്ക് നേരിട്ട വലിയ നഷ്ടം നികത്താന്‍ വലിയ തയ്യാറെടുപ്പുകള്‍ വേണം.

ലോകത്തിനുതന്നെ അത്ഭുതവും മാതൃകയുമായ രക്ഷാ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിച്ച നമുക്ക് പുനരധിവാസ പ്രവര്‍ത്തനങ്ങളും സാധ്യമാകും. നവകേരള നിര്‍മ്മിതിക്കായുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വരുന്ന തുക പരിശോധിച്ചാല്‍ ഇതു വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാലയങ്ങളിലെ കൊച്ചു കുട്ടികള്‍ അവരുടെ സമ്പാദ്യം നവകേരള നിര്‍മിതിക്കായി സമര്‍പ്പിക്കുന്നു. ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ ശമ്പളവും. ഇങ്ങനെ മലയാളികള്‍ ഒരേ മനസ്സോടെ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പരിശ്രമിക്കുന്നു. നമ്മുടെ ഭാവി പ്രതീക്ഷയുള്ളതാണ്.

ദുരിതാശ്വാസ സഹായം അര്‍ഹരായവര്‍ക്കാണോ അല്ലാത്തവര്‍ക്കാണോ ലഭ്യമായിട്ടുള്ളത് എന്ന് പൊതുജനത്തിന് പരിശോധിക്കാം. അര്‍ഹതപെടാത്തവര്‍ക്ക് സഹായം ലഭ്യമായിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാനുള്ള അവസരവുമുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാഭരണകൂടം ഇത്തരമൊരു സംവിധാനം ഒരുക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസഹായം എത്ര ചെറുത് എത്ര വലുത് എന്നല്ല ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുകയും കുടുംബക്കാരെയും അടുത്ത സുഹൃത്തുക്കളെയും അതിനായി പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രാധാന്യമെന്നും മന്ത്രി പറഞ്ഞു.

മൂവാറ്റുപുഴ ആര്‍.ഡി.ഒ യുടെയും തഹസില്‍ദാറുടെയും നേതൃത്വത്തില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. മൂവാറ്റുപുഴ താലൂക്കില്‍ നടന്ന സഹായ കിറ്റ് നിര്‍മ്മാണവും വിതരണവും മാതൃകാപരമാണ്. അവധി ദിവസങ്ങളിലും കര്‍മ്മ നിരതമായിരുന്നു വിവിധ സര്‍ക്കാര്‍ ഓഫീസുകളെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കാര്‍ഷികമേഖലയായ മൂവാറ്റുപുഴയില്‍ മഴകെടുതിയില്‍ വന്‍ നഷ്ടമാണ് നേരിട്ടതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും നവകേരള നിര്‍മ്മിതിക്കായി അവരും പരമാവധി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യക്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ രണ്ടു സ്വര്‍ണ്ണ മോതിരങ്ങള്‍ എം.എല്‍.എ മന്ത്രിക്ക് കൈമാറി.

ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള സ്വാഗതം പറഞ്ഞു. എ.ഡി.എം എം.കെ. കബീര്‍, മൂവാറ്റുപുഴ ആര്‍.ഡി.ഒ എം.ടി അനില്‍കുമാര്‍, തഹസില്‍ദാര്‍ പി.എസ്. മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com