തൃശ്ശൂര്‍: ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരെ സ്വയംതൊഴില്‍ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു. തയ്യല്‍ പരിശീലനം പൂര്‍ത്തിയാക്കിയ 22 അമ്മമാര്‍ക്കായാണ് മെഷീനുകള്‍. കാര ഗവ. ഫിഷറീസ് എല്‍.പി. സ്കൂളില്‍ നടന്ന വിതരണോദ്ഘാടനം എംഎല്‍എ ഇ ടി ടൈസണ്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികളുള്ളവര്‍ക്ക് മറ്റ് ജോലികള്‍ ചെയ്യാന്‍ പ്രയാസമായ സാഹചര്യത്തിലാണ് കയ്പമംഗലം നിയോജകമണ്ഡലത്തിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ഗ്രൂപ്പായ ചാരുത മുഖേന സ്വയംതൊഴില്‍ പരിശീലനം ആരംഭിക്കുന്നത്. 25 പേര് അംഗങ്ങളായുള്ള ചാരുതയില്‍ നിന്ന് 22 പേരാണ് വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയത്. യുഎസ്എ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെയര്ആന്റ്ഷെയര്.കോം എന്ന ചാരിറ്റബിള്‍ സംഘടനയാണ് മെഷീനുകള്‍ സ്പോണ്സര് ചെയ്തത്.
സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ്, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കഴിഞ്ഞ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ചാരുത എന്ന ഗ്രൂപ്പ് ആരംഭിക്കുന്നത്. കൊടുങ്ങല്ലൂര്‍ ബിആര്‍സിയുടെ ഫണ്ടില്‍ ഉള്‍പ്പെടുത്തി എംഎല്‍എ ഇ ടി ടൈസണ്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് ചാരുതയുടെ രൂപീകരണം. രണ്ടര ലക്ഷം രൂപയാണ് ചെലവ്. മണ്ഡലത്തിലെ വിദ്യാഭ്യാസ സമിതിയിലെ 11 ഗ്രൂപ്പുകളില്‍ ഒന്നാണ് ചാരുത. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണത്തോടൊപ്പം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും, സ്വയംതൊഴില്‍ പരിശീലനം നല്‍കുന്നതിനും ചാരുത മുന്‍കൈയെടുക്കുന്നു.
എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എ പി ആദര്‍ശ് അധ്യക്ഷത വഹിച്ചു. കെയര്ആന്റ്ഷെയര്.കോം പ്രസിഡന്റ് ടോണി ദേവസ്സി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം നൗഷാദ് കൈത്തവളപ്പില്‍, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്, എസ്എന്‍ പുരം പഞ്ചായത്ത് പ്രസിഡന്റ് മല്ലിക ഇ കെ, കൊടുങ്ങല്ലൂര്‍ ബിആര്‍സി ബിപിഒ പി എ നൗഷാദ്, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്കായി തയ്യല്‍ മെഷീനുകള്‍
Share.