11
Tuesday
May 2021

സൂര്യാഘാതവും ആരോഗ്യപ്രശ്‌നങ്ങളും

Google+ Pinterest LinkedIn Tumblr +

സൂര്യാഘാതവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും മുന്നില്‍ കണ്ട് കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. അന്തരീക്ഷതാപം പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്ത് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുകയും ശരീരത്തിന്റെ പല നിര്‍ണ്ണായക പ്രവര്‍ത്തനങ്ങളും തകരാറിലാവുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട് ചുവന്ന ചൂടായ ശരീരം, നേര്‍ത്ത വേഗത്തിലുള്ള നാഡീമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഇതേതുടര്‍ന്ന് അബോധാവസ്ഥയും ഉണ്ടായേക്കാം. സൂര്യാഘാത മേറ്റാല്‍ ഉടന്‍ ഡോക്ടറെ കാണിച്ച് ചികിത്സ തേടണം. സൂര്യഘാതം ഏറ്റാല്‍ ചിലര്‍ക്ക് ശരീരം ചുവന്ന് തടിയ്ക്കുയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യും. തീപ്പൊള്ളല്‍ എല്‍ക്കുമ്പോള്‍ ഉണ്ടാകുന്നതു പോലെയുള്ള കുമിളകളും ചിലര്‍ക്ക് പൊള്ളലേറ്റ ഭാഗങ്ങളില്‍ ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ പൊള്ളിയ ഭാഗത്തുള്ള കുമിളകള്‍ പൊട്ടിക്കാതിരാക്കാനും അടിയന്തര വൈദ്യസഹായം തേടാനും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു.

ത്വക്കിലും ശരീരത്തിലും അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കില്‍ വെയിലത്ത് നിന്ന് മാറി നിന്ന് തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുകയും കൈകാലുകള്‍ കഴുകുകയും വേണം. ചൂട് കൂടുമ്പോള്‍ കൈകാലുകളിലും ഉദരപേശികളിലും പേശീ വലിവ് അനുഭവപ്പെടാറുണ്ട്. പേശീ വലിവ് അനുഭവപ്പെടുകയാണെങ്കില്‍ ചെയ്തു കൊണ്ടിരിക്കുന്ന ജോലികള്‍ നിര്‍ത്തിവെച്ച് വെയിലേല്‍ക്കാതെ തണലുളള സ്ഥലത്തേക്ക് മാറണം. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങ വെള്ളം, കരിക്കിന്‍ വെള്ളം എന്നിവ കൂടുതല്‍ ഫലപ്രദമാണ്. ശരീരം കൂടുതല്‍ വിയര്‍ക്കുന്നതിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്ന ഹീറ്റ്‌റാഷ് എന്ന അവസ്ഥയെക്കുറിച്ചും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കൂട്ടികളില്‍ കഴുത്തിലും നെഞ്ചിന്റെ മുകളില്‍ ഭാഗങ്ങളിലുമാണ് ഇവ ഏറ്റവും കൂടുതല്‍ കാണുന്നത്. തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ ഉണങ്ങിയ അവസ്ഥയിലായിരിക്കാന്‍ ശ്രദ്ധിക്കണം.

സൂര്യതാപമേറ്റുള്ള താപശരീര ശോഷണം

സൂര്യാഘാതത്തേക്കാള്‍ കുറച്ചു കൂടി കാഠിന്യം കൂറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയാണിത്. വര്‍ധിച്ച വിയര്‍പ്പ്, വിളര്‍ത്ത ശരീരം, പേശീ വലിവ്, ശക്തിയായ ക്ഷീണം, തലക്കറക്കം, തലവേദന, ഓക്കാനവും ഛര്‍ദ്ദിയും, ബോധം നഷ്ടപ്പെടല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും, രക്ത സമര്‍ദ്ദം തുടങ്ങിയ രോഗങ്ങളുള്ളവരിലുമാണ് ഇത് അധികമായി കാണുന്നത്.

സൂര്യാഘാതവും, താപശരീര ശോഷണവും ഉടനടി ചെയ്യേണ്ട കാര്യങ്ങള്‍

• വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറുക, വിശ്രമമെടുക്കുക
• തണുത്തവെള്ളം കൊണ്ട് ശരീരം തുടയ്ക്കുക, വീശുക, ഫാന്‍, എ.സി തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക
• ധാരാളം വെള്ളം കുടിക്കുക
• കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക
• കഴിയുന്നതും വേഗം ആശുപത്രിയില്‍ എത്തിക്കുക

സൂര്യഘാതം മുന്‍ കരുതലുകള്‍

• ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക
• ദാഹം തോന്നിയില്ലെങ്കില്‍പ്പോലും ഓരോ മണിക്കൂര്‍ കൂടുമ്പോള്‍ 24 ഗ്ലാസ്സ് വെള്ളം കുടിക്കണം
• ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരങ്ങാവെള്ളവും കുടിയ്ക്കുക
• ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നു മണി വരെയുള്ള സമയം വിശ്രമിക്കുക. രാവിലെയും വൈകീട്ടും കൂടുതല്‍ സമയം ജോലി ചെയ്യുക
• ചൂടുള്ള സമയങ്ങളില്‍ വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക
•പ്രായാധിക്യമുള്ളവരുടെയും കുഞ്ഞുങ്ങളുടെയും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക
•വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

സൂര്യാഘാതം പൊള്ളലേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൂടുതല്‍ സമയം വെയിലത്ത് ജോലിചെയ്യുന്നത് ഒഴിവാക്കുക
• ത്വക്കിലും ശരീരത്തിലും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ വെയിലത്ത് നിന്ന് മാറി തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക,കൈകാലുകളും മുഖവും കഴുകുക, കുളിക്കുക
• പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്.
• ഡോക്ടറെ സമീപിച്ച് ചികിത്സയെടുക്കണം

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com