പത്തനംതിട്ട: അന്തരീക്ഷ താപം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ സൂര്യാഘാതം, ശരീര താപശോഷണം, സൂര്യതാപത്തിലുള്ള പൊള്ളല്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. എല്‍. ഷീജ അറിയിച്ചു. ശരീരം തണുപ്പിക്കുന്നതിനുവേണ്ടി തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കണം. ചൂട് കൂടുതലുള്ള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മണത്തണലിലോ വിശ്രമിക്കണം.
വെയിലത്ത് ജോലി ചെയ്യേണ്ടിവരുന്ന അവസരങ്ങളില്‍ ജോലിസമയം ക്രമീകരിക്കണം. പകല്‍ 12 മുതല്‍ മൂന്ന് വരെയുള്ള സമയം വെയിലത്ത് ജോലി ചെയ്യാതിരിക്കുക. വേനല്‍ക്കാലത്ത് ദാഹം അനുഭവപ്പെട്ടില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. ഓരോ മണിക്കൂറിടവിട്ട് രണ്ട് മുതല്‍ നാല് ഗ്ലാസ് വെള്ളം കുടിക്കണം. ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരങ്ങാവെള്ളവും കുടിക്കണം. കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലോ ഉള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണം. കുട്ടികള്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും നല്‍കണം. വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയില്‍ വാതിലുകളും ജനലുകളും തുറന്നിടണം.
കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നത് ഒഴിവാക്കണം. മധുരമുള്ളതോ ആല്‍ക്കഹോള്‍ അടങ്ങിയതോ ആയ പാനീയങ്ങള്‍ ഒഴിവാക്കണം. വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളില്‍ കുട്ടികളെയും നടക്കാന്‍ ബുദ്ധിമുട്ടുള്ളവരെയും ഇരുത്തിയിട്ട് പോകരുത്. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.