തിരുവനന്തപുരം: സര്‍ഗോത്സവത്തിന് അരങ്ങുണര്‍ന്നു. കനകക്കുന്ന് നിശാഗന്ധിയിലെ പ്രൗഢഗംഭീരമായ വേദിയില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലന് സര്‍ഗോത്സവത്തിന് തിരിതെളിച്ചു. പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലെ 20 മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലും 112 ഹോസ്റ്റലുകളിലുംനിന്നുള്ള വിദ്യാര്‍ഥികളാണ് മൂന്നു നാള് നീളുന്ന കലാമേളയ്ക്കായി അനന്തപുരിയിലെത്തിയിരിക്കുന്നത്. പാരമ്പര്യ ഗോത്ര കലാരൂപങ്ങളും തദ്ദേശീയ നൃത്തരൂപങ്ങളുമായി ഇനിയുള്ള രണ്ടു നാള് അവര്‍ അനന്തപുരിക്ക് കലാവിരുന്നൊരുക്കും.
നിശാഗന്ധി ഓഡിറ്റോറിയത്തിനു മുന്നില്‍ പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ പി. പുകഴേന്തി പതാക ഉയര്‍ത്തിയതോടെയാണ് ആറാമത് സര്‍ഗോത്സവത്തിന് തുടക്കമായത്. ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി വെള്ളയമ്പലത്തുനിന്ന് കനകക്കുന്നിലേക്കു നടന്ന സാംസ്കാരിക ഘോഷയാത്രയില്‍ നൂറുകണക്കിനു വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും പങ്കെടുത്തു. ഗോത്ര സംസ്കാരത്തിന്റെ വൈവിധ്യം വിളിച്ചോതുന്നതായിരുന്നു സാംസ്കാരിക ഘോഷയാത്ര.
ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി ഞാറനീലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്വാഗതഗാനവും അതിന്റെ ദൃശ്യാവിഷ്കാരവും സദസിന്റെ പ്രശംസയേറ്റുവാങ്ങി. കെ. മുരളീധരന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ തിരുവനന്തപുരം കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കുറ്റിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠന്, പട്ടികവര്‍ഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആര്. പ്രസന്നന്, ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫിസര്‍ സി. വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിശാഗന്ധിക്കും സൂര്യകാന്തിക്കും പുറമേ നീലാംബരി, നീലക്കുറിഞ്ഞി, കണിക്കൊന്ന എന്നിങ്ങനെ മൂന്നു പ്രത്യേക വേദികളും സര്‍ഗോത്സവത്തിനായി ഒരുക്കിയിട്ടുണ്ട്. മുഖ്യവേദിയായ നിശാഗന്ധിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന പരമ്പരാഗത നൃത്തമത്സരം നഗരത്തിന് നവ്യാനുഭവമായി. ഊരുകളില്‍ വിശേഷാവസരങ്ങളില്‍ മാത്രം അവതരിപ്പിക്കുന്ന തദ്ദേശീയ നൃത്തങ്ങള്‍ അനന്തപുരി രാവേറുവോളം ആസ്വദിച്ചു. ലളിതഗാനം, സംഘഗാനം, കവിതാപാരായണം, കവിതാരചന, ഉപന്യാസം, പ്രസംഗം എന്നിവയായിരുന്നു ആദ്യ ദിനത്തിലെ മറ്റു മത്സരങ്ങള്‍.
ഇന്ന് നാടകം, നാടോടിനൃത്തം, മിമിക്രി എന്നിവയാണു വേദിയിലെത്തുന്ന പ്രധാന മത്സരങ്ങള്‍. നാളെ സര്‍ഗോത്സവത്തിനു തിരശീല വീഴും.