15
Friday
January 2021

അധ്യാപികയുടെ മുങ്ങി മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

Google+ Pinterest LinkedIn Tumblr +

കാസര്‍കോഡ്: അധ്യാപികയുടെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. മിയാപ്പദവ് ശ്രീവിദ്യാവര്‍ധക ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ബി.കെ.രൂപശ്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സ്ഥിരീകരണം. നിരഞ്ജന്‍കുമാര്‍ എന്ന അയല്‍വാസിയുടെ സഹായത്തോടെ സഹാധ്യാപകന്‍ കെ.വെങ്കിട്ടരമണ കാരന്താണ് രൂപശ്രീയെ കൊന്ന് കടലില്‍ത്തള്ളിയതിനു പിന്നിലെന്ന് പോലീസ്.

നേരത്തേ താനുമായി നല്ല അടുപ്പമുണ്ടായിരുന്ന രൂപശ്രീക്ക് മറ്റുചിലരുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി വെളിപ്പെടുത്തി. രൂപശ്രീ തന്നെ വഞ്ചിക്കുകയാണെന്നും ഇതിന് എന്തെങ്കിലും പ്രതിവിധിചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതി നിരഞ്ജനെ സമീപിക്കുന്നത്.

16ന് സ്‌കൂളിലെ ജീവനക്കാരിയുടെ സഹോദരന്റെ വിവാഹമായിരുന്നു. ഇതിന് വെങ്കിട്ടരമണ കാരന്ത് പോയില്ല; രൂപശ്രീ പോയി. തുടര്‍ന്ന് മകള്‍ കൃപയുടെ ഫീസടച്ച് മടങ്ങുംവഴി രൂപശ്രീയെ ഇയാള്‍ ഫോണില്‍ വിളിച്ചു. താനിപ്പോള്‍ ഹൊസങ്കടിയിലെത്തുമെന്ന് പറഞ്ഞപ്പോള്‍ അവിടേക്കുവരാമെന്ന് വെങ്കിട്ടരമണ പറഞ്ഞു. ഇരുവരും നാലരയോടെ ഹൊസങ്കടിയിലെത്തി. രൂപശ്രീ സ്‌കൂട്ടറിലായിരുന്നു; വെങ്കിട്ടരമണ കാറിലും. ദുര്‍ഗിപ്പള്ളവരെ ഇവര്‍ മുമ്പിലും പിന്നിലുമായി പോയി. അവിടന്ന് രൂപശ്രീ സ്‌കൂട്ടര്‍ റോഡരികില്‍ വെച്ചശേഷം കാറില്‍ കയറി.

ഇരുവരും കാറില്‍ വീട്ടിലെത്തുമ്പോള്‍ സിറ്റൗട്ടിന്റെ ഇടത്തേമുറിയില്‍ നിരഞ്ജന്‍ കാത്തിരിക്കുന്നുണ്ട്. വലത്തുഭാഗത്തുള്ള സ്വീകരണമുറിയിലേക്കും അവിടന്ന് മറ്റൊരു മുറിയിലേക്കും പോയി സംസാരിച്ചിരിക്കുന്നതിനിടെ വഴക്കുണ്ടായി. ഇടനാഴിയോടു ചേര്‍ന്നുള്ള കുളിമുറിയിലെ ബക്കറ്റില്‍ മുക്കിപ്പിടിച്ചു. കുതറിയോടിയ രൂപശ്രീയെ സിറ്റൗട്ടിലേക്കെത്തുമ്പോഴേക്ക് കാത്തിരിക്കുകയായിരുന്ന നിരഞ്ജന്‍ തടഞ്ഞു. അവിടെ സൂക്ഷിച്ചിരുന്ന വീപ്പയിലെ വെള്ളത്തില്‍ മുക്കിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഈ സമയം പ്രതിയുടെ ഭാര്യ നാട്ടില്‍ ഉണ്ടായിരുന്നില്ല. മൃതദേഹം ഉപേക്ഷിക്കാന്‍ പോകുമ്പോഴായിരുന്നു വെങ്കിട്ടരമണയ്ക്ക് ഭാര്യയുടെ കോള്‍ വരുന്നത്. രണ്ടുദിവസംമുമ്പ് മംഗളൂരുവില്‍ വിവാഹച്ചടങ്ങിനുപോയ താന്‍ തിരികെ ഹൊസങ്കടിയിലെത്താറായെന്നും കാറുമായി വരണമെന്നും പറഞ്ഞായിരുന്നു ഫോണ്‍.

ഡിക്കിയില്‍ മൃതദേഹമുള്ള കാറുമായി നിരഞ്ജനും വെങ്കിട്ടരമണയും പോയി. ഭാര്യയെ ഹൊസങ്കടിയില്‍നിന്ന് കൂട്ടിക്കൊണ്ടുവന്ന് വീട്ടില്‍ വിട്ടു. ഈസമയം കാറോടിച്ചത് വെങ്കിട്ടരമണയായിരുന്നു. നിരഞ്ജന്‍ പിന്നിലിരുന്നു. ഭാര്യയെ വീട്ടില്‍വിട്ടശേഷം തനിക്കുചില പൂജകളുടെ കാര്യത്തിനായി വിട്ളവരെ പോകാനുണ്ടെന്നുപറഞ്ഞ് വീട്ടില്‍നിന്നിറങ്ങി.

ഏഴുമണിയായതേയുണ്ടായിരുന്നുള്ളൂ. എല്ലായിടത്തും ആളുകളുടെ സാന്നിധ്യമുള്ള സമയം. അതിനാല്‍ ഇരുവരും ചേര്‍ന്ന് നേരേ സുങ്കതകട്ടയില്‍ പോയി. അവിടന്ന് അനേക്കല്‍-വിട്ള വഴി മെര്‍ക്കാറയിലെത്തി. അവിടെ ഒരു ഹോട്ടലില്‍ക്കയറി ഭക്ഷണം കഴിച്ചു. തുടര്‍ന്ന് മംഗളൂരുവിനടുത്തുള്ള പമ്പുവെല്‍ സര്‍ക്കിളിലെത്തി. അവിടന്ന് തലപ്പാടി അതിര്‍ത്തി ചെക്ക്പോസ്റ്റ് കടന്ന് മഞ്ചേശ്വരത്തിനടുത്തുള്ള കണ്വതീര്‍ഥ കടല്‍ത്തീരത്തെ ത്തിയപ്പോഴേക്കും രാത്രി 9.30-10. ഇരുവരും ചേര്‍ന്ന് മൃതദേഹം കടലില്‍ത്തള്ളി.

പോലീസിന്റെ ചോദ്യംചെയ്യലില്‍ താന്‍ ദുര്‍ഗിപ്പള്ളയില്‍വെച്ച് അവരെ കണ്ടെന്നും പിന്നീട് കണ്ടില്ലെന്നുമാണ് ആദ്യം പറഞ്ഞത്. നിങ്ങളുടെ കാറില്‍ പോകുന്നത് കണ്ടവരുണ്ടെന്നു പറഞ്ഞപ്പോള്‍ രൂപശ്രീയെ വീട്ടില്‍ കൊണ്ടുവന്നശേഷം തിരികെ ദുര്‍ഗിപ്പള്ളയില്‍ കൊണ്ടുവന്നുവിട്ടതായി മാറ്റിപ്പറഞ്ഞു. അവിടന്ന് കടപ്പുറംവരെ 10 കിലോമീറ്ററോളമുണ്ട്. അത്രയും ദൂരം രൂപശ്രീ നടന്നുപോയി കടലില്‍ച്ചാടാനിടയില്ലെന്ന നിഗമനത്തില്‍ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com