ആംസ്റ്റര്‍ഡാം: സാഹസിക പായ്വഞ്ചിയോട്ട മത്സരത്തിനിടെ പരിക്കേറ്റ മലയാളി നാവികന് കമാന്‍ഡര്‍ അഭിലാഷ് ടോമി ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചിത്രം ഇന്ത്യന്‍ നേവി പുറത്തുവിട്ടു.
സാഹചര്യങ്ങൾ തീർത്തും പ്രതികൂലമായിട്ടും അതി സാഹസികമായി തന്നെ രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവികസേനയ്ക്കും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവർക്കും അഭിലാഷ് ടോമി നന്ദി പറഞ്ഞു.
കടല്‍ അന്ന് അവിശ്വസനീയമാംവിധം അശാന്തമായിരുന്നു. താനും പായ്വഞ്ചിയായ തുരിയയും പ്രകൃതിയുടെ കരുത്ത് ശരിക്കും അറിയുകയായിരുന്നു. തനിക്ക് ലഭിച്ച നാവിക പരിശീലനവും, തുഴച്ചിലിലുള്ള തന്റെ കഴിവുമാണ് ഈ വിഷമഘട്ടത്തില്‍ രക്ഷിച്ചതെന്ന് അഭിലാഷ് പറഞ്ഞു.
ന്യൂ ആംസ്റ്റർഡാം ദ്വീപിലെത്തിച്ച കമാൻഡർ അഭിലാഷ് ടോമിയുടെ പരുക്ക് ഗുരുതരമല്ലെന്നു വ്യക്തമാക്കുന്ന എക്സ്റേ ഫലം പുറത്തു വന്നിരുന്നു. പരിശോധനാഫലം വിദഗ്ധ സംഘം പരിശോധിച്ച ശേഷമാകും തുടർചികിൽസ തീരുമാനിക്കുകയെന്നാണു രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ഓസ്ട്രേലിയൻ മാരിടൈം സേഫ്റ്റി അതോറിറ്റി അറിയിച്ചത്.