22
Thursday
October 2020

തണ്ണിത്തോട് പ്ലാന്റേഷന്‍ – തേക്കുതോട് റോഡ് ഉന്നത നിലവാരത്തില്‍ പുനഃര്‍ നിര്‍മ്മിക്കാന്‍ അഞ്ചര കോടി അനുവദിച്ചു

Google+ Pinterest LinkedIn Tumblr +

കോന്നി: തണ്ണിത്തോട് പ്ലാന്റേഷന്‍ – തേക്കുതോട് റോഡ് ഉന്നത നിലവാരത്തില്‍ പുനഃര്‍ നിര്‍മ്മിക്കാന്‍ അഞ്ചര കോടി അനുവദിച്ചതായി കെ യു ജനീഷ് കുമാര്‍ എം എല്‍ എ അറിയിച്ചു.റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 577.75 ലക്ഷം രൂപയാണ് അനുവദിച്ചത്. നിലവില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തണ്ണിത്തോട് എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് കിലോമീറ്റര്‍ ദൂരമുള്ള റോഡാണ് ഇത്. 15 വര്‍ഷമായി തകര്‍ന്നു കിടക്കുന്ന ഈ റോഡിലൂടെയുള്ള യാത്ര ദുരിതപൂര്‍ണ്ണമാണ്. ഡി ബി എം ടി (ഡിസൈന്‍, ബില്‍ഡ്, മെയിന്റയിന്‍ ആന്റ് ട്രാന്‍സ്ഫര്‍ ) മോഡിലാണ് റോഡിന്റെ പുനഃര്‍ നിര്‍മ്മാണം. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ 15 വര്‍ഷത്തെ തുടര്‍ സംരക്ഷണവും കോണ്‍ട്രാക്ടറില്‍ നിക്ഷിപ്തമായിരിക്കും.

വാഹന ഗതാഗതം ബുദ്ധിമുട്ടാകുന്ന നിലയില്‍ തകര്‍ന്ന സ്ഥിതിയാണ് റോഡിനുള്ളത്. മഴക്കാലമായാല്‍ ദുരിതം ഇരട്ടിയാകും. നിരവധി അപകടങ്ങള്‍ റോഡിന്റെ തകര്‍ച്ച മൂലം ഉണ്ടായിട്ടുണ്ട്. തേക്കുതോട്, കരിമാന്‍തോട്, തൂമ്പാക്കുളം, മൂര്‍ത്തി മണ്‍, ഏഴാംതല, മണിമരുതി കൂട്ടം, പൂച്ചക്കുളം നിവാസികളെല്ലാം ജില്ലാ, താലൂക്ക് ആസ്ഥാനവുമായി ബന്ധപ്പെടാന്‍ ഈ റോഡാണ് ഉപയോഗിക്കുന്നത്. ആലുവാംകുടി ശിവക്ഷേത്രത്തിലേക്ക് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ഈ റോഡുവഴി എത്തുന്നത്.

റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ പ്ലാന്റേഷന്‍ ഓഫീസ് പടിക്കല്‍ നടന്നിട്ടുണ്ട്. 2018ലെ പ്രകൃതിക്ഷോഭത്തിനു ശേഷമുള്ള പുനഃരധിവാസ, പുനഃര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കേരള സര്‍ക്കാര്‍ റീ ബില്‍ഡ് കേരളയിലൂടെ നടപ്പിലാക്കുകയാണ്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡിന് പണം അനുവദിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ സര്‍ക്കാര്‍ മികച്ച പിന്‍തുണയാണ് നല്‍കിയത്. അതിനാലാണ് മലയോരവാസികളുടെ ദീര്‍ഘകാല ആവശ്യത്തിന് എം എല്‍ എ എന്ന നിലയില്‍ വളരെ വേഗം തന്നെ പണം അനുവദിപ്പിക്കാന്‍ കഴിഞ്ഞതെന്നും ജനീഷ് കുമാര്‍ പറഞ്ഞു. ഉടന്‍ തന്നെ നിര്‍മ്മാണം ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എം എല്‍ എ പറഞ്ഞു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com