27
Tuesday
October 2020

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതം

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെന്ന് റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. തുമ്പമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹതപ്പെട്ടവര്‍ക്ക് അര്‍ഹമായത് ലഭിക്കണമെന്നതാണ് സര്‍ക്കാര്‍ നയം. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് സ്മാര്‍ട്ട് വില്ലേജ് അനുവദിക്കുന്നത്. വില്ലേജ് ഓഫീസുകള്‍ മാത്രമല്ല ഒപ്പം ഉദ്യോഗസ്ഥരും സ്മാര്‍ട്ടാകണം. രണ്ടരവര്‍ഷം കൊണ്ട് നൂറ് സ്മാര്‍ട്ട് വില്ലേജുകളുടെ പണി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ജനങ്ങള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുവാനുള്ള സൗകര്യങ്ങളും വില്ലേജ് ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വില്ലേജ് ഓഫീസിന് ജനങ്ങള്‍ക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. അവ ഉത്തരവാദിത്വത്തോടെ സന്ദര്‍ഭോചിതമായി ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.

അത്യാധുനിക സൗകര്യങ്ങളോട് കൂടിയതാണ് തുമ്പമണില്‍ പണി കഴിപ്പിച്ച പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്. 2018 ജനുവരിയില്‍ നിര്‍മാണം ആരംഭിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ജില്ലാ നിര്‍മിതി കേന്ദ്രം ഡിസംബറില്‍ പൂര്‍ത്തീകരിച്ചു. കെട്ടിടം, മതില്‍, ഫര്‍ണിച്ചര്‍, വൈദ്യുതീകരണം എന്നിവ ഉള്‍പ്പെടെ നാല്‍പത് ലക്ഷം രൂപയ്ക്കാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. പരേതനായ തോണ്ടംവേലില്‍ കിഴക്കേതില്‍ ടി.സി കോശി സൗജന്യമായി വിട്ടുനല്‍കിയ 10.5 സെന്റ് സ്ഥലത്താണ് നിര്‍മാണം നടന്നത്. ചടങ്ങില്‍ ടി.സി കോശിയുടെ ഭാര്യ മറിയാമ്മ കോശിയെ മന്ത്രി ആദരിച്ചു. സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പരിസരത്ത് എല്ലാവരും ചേര്‍ന്ന് വൃക്ഷത്തൈ നട്ടു.

അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ പി.ബി നൂഹ്, എഡിഎം പി.ടി എബ്രഹാം, അടൂര്‍ ആര്‍.ഡി.ഒ എം.എ റഹിം, അടൂര്‍ തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്‍, ജില്ലാ പഞ്ചായത്തംഗം ടി. മുരുകേശ്, സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, കേരളാകോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി. തോമസ്, കേരളാകോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ സെക്രട്ടറി ഷിബു കെ. ഏബ്രഹാം, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഖറിയ വര്‍ഗീസ്, വൈസ്പ്രസിഡന്റ് അനിതാ മധു, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ.ടി.എ രാജേഷ് കുമാര്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ. സന്ധ്യ, തുമ്പമണ്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷൈനി രാജ്‌മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com