27
Wednesday
January 2021

പൗരന്‍മാര്‍ക്ക് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെടുത്താന്‍ സി-വിജില്‍ ആപ്പ്

Google+ Pinterest LinkedIn Tumblr +

തൃശൂര്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനവും തെരഞ്ഞെടുപ്പ് ചെലവ് ചട്ട ലംഘനവും പൗരന്‍മാര്‍ക്ക് നേരിട്ട് തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍. സ്വന്തം മണ്ഡലത്തിന് കീഴിലെ ചട്ടലംഘനം കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഇനി ആരും റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലേക്ക് പോകേണ്ടതില്ല. പ്ലേ സ്‌റ്റോറില്‍നിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ചട്ടലംഘനത്തിന്റെ ചിത്രമോ വീഡിയോയോ എടുത്ത് നേരിട്ട് അയച്ചാല്‍ മതിയാകും.

സമയബന്ധിതമാണ് ഈ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം. പരാതി നേരിട്ടെത്തുന്നത് ജില്ലാ തലത്തിലെ കണ്‍ട്രോള്‍ റൂമിന്റെ ഡാഷ്‌ബോര്‍ഡിലാണ്. കണ്‍ട്രോള്‍ റൂം പരാതിയുടെ ഉറവിടം ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടെത്തി അതിന് ഏറ്റവും അടുത്ത എം.സി.സി സ്‌ക്വാഡിന് കൈമാറും. ഈ സ്‌ക്വാഡ് സ്ഥലത്തെത്തി നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് നല്‍കും. 100 മിനിറ്റില്‍ നടപടി ഉണ്ടാവും. ജി.ഐ.എസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ പരാതിയായ സന്ദേശം തന്നെ ഫീല്‍ഡ് സ്‌ക്വാഡിന് വഴി കാട്ടും. നേരത്തെ റെക്കോര്‍ഡ് ചെയ്ത സന്ദേശങ്ങള്‍ ഇതിലൂടെ അയക്കാനാവില്ല. ഫോട്ടോ അല്ലെങ്കില്‍ വീഡിയോ എടുത്ത ശേഷം അയക്കാന്‍ അഞ്ച് മിനിറ്റ് മാത്രമേ പരാതിക്കാരന് ലഭിക്കൂ.

ജി.ഐ.എസ് ഉപയോഗിക്കാതെ ഈ ആപ്പ് പ്രവര്‍ത്തിപ്പിക്കാനാവില്ല. പരാതിയുടെ മേല്‍ സ്വീകരിച്ച നടപടികള്‍ പരാതിക്കാര്‍ക്ക് അപ്പപ്പോള്‍ അറിയാന്‍ കഴിയും. മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ മുതല്‍ പൗരന്‍മാര്‍ വരെ നീളുന്ന ശൃംഖലകള്‍ ഇതില്‍ കണ്ണികളാണ്. എന്നാല്‍ പൗരന്‍മാര്‍ക്ക് സിറ്റിസന്‍ ആപ്പും ഉദ്യോഗസ്ഥര്‍ക്ക് ഇന്‍വെസ്റ്റിഗേറ്റര്‍ ആപ്പുമാണ്.ഫോണ്‍ നമ്പര്‍ നല്‍കി ഒറ്റത്തവണ പാസ്‌വേഡ് എടുത്താണ് ആപ്പില്‍ പ്രവേശിക്കാനാവുക. എന്നാല്‍, പേര് നല്‍കാതെ അജ്ഞാതനായും പരാതി നല്‍കാം. പക്ഷേ, ഇങ്ങനെ പരാതി നല്‍കുന്നവരുടെ ഫോണ്‍ നമ്പര്‍ ആപ്പില്‍ സൂക്ഷിക്കില്ല. അതിനാല്‍ പരാതിയെക്കുറിച്ച് മറ്റുള്ളവര്‍ക്ക് നല്‍കുന്ന മറുപടി ഇവര്‍ക്ക് ലഭിക്കില്ല.

ആപ്പ് ഉപയോഗിക്കാന്‍ ക്യാമറയുള്ള സ്മാര്‍ട്ട് ഫോണ്‍ വേണം. പെരുമാറ്റച്ചട്ട ലംഘനം നടക്കുന്ന സ്ഥലത്തുണ്ടെങ്കില്‍ മാത്രമേ പരാതി നല്‍കാനാവൂ. ഫോണില്‍ ജി.പി.എസ് ഓണാക്കിയിരിക്കണം. തെരഞ്ഞെടുപ്പ് നടക്കാത്ത സ്ഥലത്ത് ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുകയില്ല. അത്ര കൃത്യമായി ജി.ഐ.എസ് ഉപയോഗിച്ചാണ് പ്രവര്‍ത്തനം.

സി-വിജില്‍ ആപ്പ് സംബന്ധിച്ച് ജില്ലയിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കി. ജില്ലാ കലക്ടര്‍ ടി.വി. അനുപമ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ. സുരേഷ് ക്ലാസെടുത്തു. എഡിഎം റെജി പി ജോസഫ്, ആര്‍ഡിഒ പി എ വിഭൂഷണ്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എസ്. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com