ആലപ്പുഴ: കായംകുളത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര തോട്ടവിള ഗവേഷണ മേഖലാ കേന്ദ്രം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് കൃഷി മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍, കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിംഗ്, ഐ.സി.എ.ആര് ഡയറക്ടര്‍ ജനറല്‍ ഡോ. ത്രിലോചന്‍ മഹാപാത്ര എന്നിവര്‍ക്ക് കത്തയച്ചു. 1937ല്‍ ആരംഭിച്ച കായംകുളം മേഖലാ കേന്ദ്രത്തില്‍ തെങ്ങിനങ്ങളുടെ ഗവേഷണമാണ് പ്രധാനമായും നടത്തുന്നത്. സംസ്ഥാനത്ത് തെങ്ങുകൃഷി വ്യാപകമാക്കുന്നതിനും നാളികേര ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും കൃഷി വകുപ്പ് മന്ത്രി ചെയര്‍മാനായി നാളികേര വികസന കൗണ്‍സില്‍ രൂപീകരിച്ച് അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ കേരളത്തിന്റെ അഭിമാനമായ കേന്ദ്ര തോട്ടവിള ഗവേഷണ മേഖലാ കേന്ദ്രം അടച്ചുപൂട്ടുന്നതിനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിലവില്‍ സംസ്ഥാനത്തെ തെങ്ങ് കൃഷിയുടെ വിസ്തൃതി 7.81 ലക്ഷം ഹെക്ടറാണ്. ഇത് 9.25 ലക്ഷം ഹെക്ടറിലേക്ക് എത്തിക്കുന്നതിനും അതുവഴി ഹെക്ടറിന് 6889 നാളികേരം എന്ന നിലയില്‍ നിന്ന് ഉല്പാദനം ഹെക്ടറിന് 8500 എങ്കിലും ആക്കി ഉയര്‍ത്തുന്നതിനാണ് കൃഷി വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ സംസ്ഥാനത്ത് 15ലക്ഷം തെങ്ങിന്‍തൈകള്‍ വീതം പ്രതിവര്‍ഷം വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിതലയോഗം തീരുമാനിച്ചിട്ടുണ്ട്. കായംകുളം മേഖലാ കേന്ദ്രം പൂട്ടുന്നത് സംസ്ഥാനത്ത് മികച്ചയിനം തെങ്ങിന്‍തൈകളുടെ ദൗര്‍ലഭ്യത്തിന് വഴിയൊരുക്കും. ആലപ്പുഴ ജില്ലയിലെ കൃഷി വിജ്ഞാന് കേന്ദ്രയുടെ ആസ്ഥാനം കായംകുളത്തെ കേന്ദ്ര തോട്ടവിള ഗവേഷണ മേഖലാ കേന്ദ്രത്തിലാണ്. ഈ കേന്ദ്രം അടച്ചുപൂട്ടിയാല്‍ കൃഷി വിജ്ഞാന് കേന്ദ്രയും ഇല്ലാതാകുന്ന സ്ഥിതിയുണ്ടാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഐ.സി.എ.ആര്‍സി.പി.സി.ആര്.ഐ സ്ഥാപനങ്ങള്‍ യാതൊരു കാരണവശാലും അടച്ചുപൂട്ടരുതെന്നും ഈ സ്ഥാപനങ്ങളിലെ ഗവേഷകരുടെയും ഉദ്യോഗസ്ഥരുടെയും എണ്ണവും ഇവയ്ക്ക് നല്കുന്ന ധനസഹായം വെട്ടിക്കുറക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടു.