11
Tuesday
May 2021

പ്രളയ ബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നു

Google+ Pinterest LinkedIn Tumblr +

ഇടുക്കി: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പുറപ്പെട്ടു. പ്രതിപക്ഷ നേതാവ്, റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരും സംഘത്തിലുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം പുറപ്പെട്ട സംഘം എട്ടരയോടെ കട്ടപ്പനയിലെത്തുമെന്നു പറഞ്ഞിരുന്നുവെങ്കിലും മോശമായ കാലാവസ്ഥയെത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇറക്കാനായില്ല.തുടര്‍ന്ന് ഇവര്‍ വയനാട്ടിലേക്ക് പോയി. അതേസമയം എംഎം മാണിയുടെ നേതൃത്വത്തില്‍ ഇടുക്കിയില്‍ അവലോകന യോഗം അല്പസമയത്തിനകം ആരംഭിക്കും.

സുല്‍ത്താന്‍ ബത്തേരിയിലിറങ്ങുന്ന മുഖ്യമന്ത്രി ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. പിന്നീട് കോഴിക്കോടും മലപ്പുറം ജില്ലകളിലെ സ്ഥിതി ഹെലികോപ്റ്ററില്‍ നിന്നായിരിക്കും വിലയിരുത്തുക. ഉച്ചയോടെ എറണാകുളത്തെത്തുന്ന മുഖ്യമന്ത്രി ആലുവ സന്ദര്‍ശിക്കും. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറയുന്നു. 2401 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. സെക്കന്റില്‍ 750 ഘനമീറ്റര്‍ വെളളമാണ് ഇപ്പോള്‍ പുറത്തുവിടുന്നത്. ജലനിരപ്പ് 2400 അടിയാകുന്നത് വരെ ഷട്ടറുകള്‍ താഴ്‌ത്തേണ്ടെന്നാണ് നിര്‍ദേശം.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ മാസം 13 മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറീസാ തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയാണ് ഇപ്പോഴത്തെ ശക്തമായ മഴയ്ക്ക് കാരണം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com