28
Wednesday
October 2020

കൈയേറ്റമുണ്ടായാല്‍ തടയാന്‍ കളക്ടര്‍മാര്‍ ഉടന്‍ ഇടപെടണം

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമിയില്‍ കൈയേറ്റമുണ്ടായാല്‍ തടയാന്‍ കളക്ടര്‍മാര്‍ ഉടന്‍ ഇടപെടുന്ന സ്ഥിതിയുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍മാരുടെ വാര്‍ഷികസമ്മേളനത്തിന്റെ രണ്ടാംദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈയേറ്റം ഉണ്ടായാല്‍ ഉടന്‍ ശ്രദ്ധിക്കാനും നടപടിയെടുക്കാനും കഴിയണം. ആദിവാസി ഭൂവിതരണത്തിനുള്ള നടപടികള്‍ കളക്ടര്‍മാര്‍ വേഗത്തിലാക്കണം. ഈ വിഭാഗത്തിലെ കോര്‍പ്പസ് ഫണ്ട് വിനിയോഗവും കൃത്യമായി മേല്‍നോട്ടം വഹിച്ച് വേഗത്തിലാക്കണം. മാലിന്യസംസ്‌കരണത്തിലും പ്രത്യേക ശ്രദ്ധയുണ്ടാകണം. കേന്ദ്രീകൃത ഖരമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ യാഥാര്‍ഥ്യമാക്കുന്നതിന് കളക്ടര്‍മാരുടെ ഇടപെടല്‍ വേണം. സെപ്‌റ്റേജ് സംവിധാനമുണ്ടാക്കാന്‍ മേല്‍നോട്ടം വേണം. കുടിവെള്ളത്തില്‍ ഇത്തരത്തില്‍ മാലിന്യം കലരാതെ നല്ല വെള്ളം ലഭ്യമാക്കുന്ന നിലവേണം.

പൊതുശൗചാലയങ്ങള്‍ നാടിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് വിവിധസ്ഥലങ്ങളില്‍ ഉണ്ടാകേണ്ടതുണ്ട്. ഇക്കാര്യം സാമൂഹസേവന മനസ്ഥിതിയുള്ള സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കളക്ടര്‍മാര്‍ മനസുവെച്ചാല്‍ നടത്തിയെടുക്കാവുന്നേയുള്ളൂ. മാലിന്യം വന്‍തോതിലുണ്ടാകുന്ന മാര്‍ക്കറ്റുകള്‍ പോലുള്ള സ്ഥലങ്ങളില്‍ ഇവ തരംതിരിക്കാനുള്ള സൗകര്യങ്ങള്‍ പരിഗണിക്കണം. ഇന്‍ഷുറന്‍സ് പദ്ധതിയായ ‘ആവാസി’ല്‍ പരമാവധി ഇതരസംസ്ഥാനത്തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിക്കാനുള്ള നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ വ്യാഴാഴ്ച മന്ത്രിമാരായ എ.കെ. ബാലന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.സി. മൊയ്തീന്‍, കെ.കെ. ശൈലജ ടീച്ചര്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, പ്രൊഫ. സി. രവീന്ദ്രനാഥ്, ഡോ. കെ.ടി. ജലീല്‍, ചീഫ് സെക്രട്ടറി ടോം ജോസ്, സെക്രട്ടറിമാര്‍, വകുപ്പുമേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com