25
Monday
January 2021

ചാനലുകള്‍ തമ്മിലാണ് മത്സരം! അബ്രഹാം മുതല്‍ നീരാളി വരെ ഓണത്തിനെത്തും

Google+ Pinterest LinkedIn Tumblr +

ഇത്തവണത്തെ ഓണം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളക്കര. ബിഗ് ബജറ്റ് ചിത്രങ്ങളാണ് തിയറ്ററുകളില്‍ റിലീസിന് തയ്യാറെടുത്ത് കൊണ്ടിരിക്കുന്നത്. തിയറ്ററുകളില്‍ കിടിലന്‍ സിനിമകള്‍ വരുമ്പോള്‍ ടെലിവിഷനും ഓണക്കാലത്ത് പുതിയ സിനിമകളുമായിട്ടായിരിക്കും എത്തുക. ഇത്തവണയും പുത്തന്‍ സിനിമകളുടെ പ്രീമിയര്‍ ഷോ തന്നെയാണ് ഓണത്തിനുണ്ടാവുക.

സൂര്യ ടിവി ഇത്തവണ അടുത്ത കാലത്തിറങ്ങിയ എല്ലാ പുത്തന്‍ സിനിമകളും എത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ മറ്റ് ചാനലുകളും വിട്ട് കൊടുക്കാതെയുള്ളു മത്സരമാണെന്ന് പറയാം. ജൂലൈ മാസം എത്തിയ സിനിമകള്‍ മുതല്‍ ഈ വര്‍ഷം ബ്ലോക്ബസ്റ്റാറായ സിനിമകള്‍ വരെ ഓണത്തിനെത്തുമെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം.

ജൂലൈ മാസം തിയറ്ററുകളിലേക്ക് എത്തിയ നീരാളി ഓണത്തിന് ടെലിവിഷന്‍ പ്രേക്ഷകരിലേക്ക് എത്തുമെന്നുള്ളതാണ് ഏറ്റവും പുതിയ വാര്‍ത്ത. നിലവില്‍ ഇപ്പോഴും സിനിമയുടെ പ്രദര്‍ശനം ചിലയിടങ്ങളിലുണ്ട്. തിയറ്ററുകളില്‍ കാര്യമായ പ്രദര്‍ശനം നടത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല. നാദിയ മൊയ്തു വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം അഭിനയിച്ച സിനിമയാണെന്നുള്ള പ്രത്യേകതയും നീരാളിയ്ക്കുണ്ടായിരുന്നു. സൂര്യ ടിവിയില്‍ നീരാളി പിടുത്തം കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ഞാന്‍ മേരിക്കുട്ടി. ഈദിന് മുന്നോടിയായി ജൂണ്‍ പതിനഞ്ചിന് തിയറ്ററുകളിലേക്ക് എത്തിയ സിനിമ നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. മലയാളികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് ഞാന്‍ മേരിക്കുട്ടി എന്നാണ് സിനിമയെ കുറിച്ചുള്ള പൊതുവേയുള്ള അഭിപ്രായം. ജയസൂര്യ തകര്‍ത്തഭിനയിച്ച ഞാന്‍ മേരിക്കുട്ടിയും ഇത്തവണ ഓണത്തിന് സൂര്യ ടിവിയിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ അബ്രഹാമിൻ്റെ സന്തതികള്‍ അടുത്ത കാലത്ത് ബോക്‌സോഫീസില്‍ ഗംഭീര പ്രകടനം നടത്തിയ സിനിമയാണ്. ഷാജി പാടൂര്‍ സംവിധാനം ചെയ്ത സിനിമ ജൂണ്‍ പതിനാറിനായിരുന്നു റിലീസ് ചെയ്തിരുന്നത്. റിലീസ് ദിവസം മുതല്‍ ഇപ്പോഴും തിയറ്ററുകളില്‍ മിന്നുന്ന പ്രകടനം നടത്തുന്ന സിനിമ പുലിമുരുകന് ശേഷം കേരളത്തില്‍ നിന്നും ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമായി മാറിയിരുന്നു. കൊച്ചി മള്‍ട്ടിപ്ലെക്‌സിലടക്കം ഒരു കോടിയ്ക്ക് മുകളിലായിരുന്നു സിനിമ നേടിയത്. മാത്രമല്ല യുഎഇ/ജിസിസി, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലും അബ്രഹാമിൻ്റെ സന്തതികള്‍ തിളങ്ങിയിരുന്നു. ഇത്തവണ ഓണത്തിന് ചിത്രം സൂര്യ ടിവിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്.

മാത്തൻ്റെയും അപ്പുവിൻ്റെയും പ്രണയവുമായി ആഷിക് അബു സംവിധാനം ചെയ്ത ഹിറ്റ് സിനിമയായിരുന്നു മായാനദി. അടുത്തിടെ ചിത്രം തിയറ്ററുകളില്‍ റിറിലീസിനെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസിന് മുന്നോടിയായി തിയറ്ററുകളിലേക്കെത്തിയ ചിത്രത്തില്‍ ടൊവിനോയുടെയും ഐശ്വര്യ ലക്ഷ്മിയുടെയും പ്രകടനം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇത്തവണ ഓണത്തിന് മായാനദിയും ടെലിവിഷന്‍ പ്രേക്ഷകരിലേക്ക് എത്തും.

കുഞ്ചാക്കോ ബോബന്‍, അദിതി രവി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് കുട്ടനാടന്‍ മാര്‍പാപ്പ. ശ്രീജിത്ത് വിജയന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ മാര്‍ച്ച് അവസാനമായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. കുട്ടനാടിനെ പശ്ചാതലമാക്കി പ്രണയവും കോമഡിയും മുന്‍നിര്‍ത്തി ഒരുക്കിയ കുട്ടനാടന്‍ മാര്‍പാപ്പ തിയറ്ററുകളില്‍ നല്ല അഭിപ്രായം നേടിയ സിനിമയായിരുന്നു. ഇത്തവണ മാര്‍പാപ്പയും ഓണത്തിനെത്തുകയാണ്.

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത സിനിമയായിരുന്നു മാസ്റ്റര്‍പീസ്. 2017 ലെ ക്രിസ്തുമസിന് മുന്നോടിയായി തിയറ്ററുകളിലേക്കെത്തിയ ചിത്രം ക്യാംപസ് പശ്ചാതലമാക്കിയൊരുക്കിയ സിനിമയായിരുന്നു. എഡ്വേഡ് ലിവിംഗ്സ്റ്റന്‍ എന്ന പേരില്‍ മമ്മൂട്ടി തകര്‍ത്തഭിനയിച്ച മാസ്റ്റര്‍പീസും ഓണത്തിന് പ്രേക്ഷകരിലേക്കെത്തും.

കോമഡി ത്രില്ലര്‍ മൂവിയായി പ്രമോദ് മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരായിരം കിനാക്കള്‍. ബിജു മേനോന്‍ നായകനായി അഭിനയിച്ച സിനിമയില്‍ റോഷന്‍ മാത്യു, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, ഷാരു വര്‍ഗീസ് എന്നിവരും അഭിനയിച്ചിരുന്നു. ഇക്കൊല്ലത്തെ വിഷുവിന് തിയറ്ററുകളിലേക്ക് എത്തിയ ഒരായിരം കിനാക്കള്‍ ഓണത്തിന് ടെലിവിഷനിലേക്കും എത്തും.

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പഞ്ചവര്‍ണതത്ത. ഏറെ കാലത്തിന് ശേഷം ജയറാമിൻ്റെ മികച്ചൊരു വേഷം സിനിമയിലുണ്ടായിരുന്നു. കുഞ്ചാക്കോ ബോബനായിരുന്നു മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. വിഷുവിന് റിലീസിനെത്തിയ പഞ്ചവര്‍ണതത്തയ്ക്ക് കുടുംബ പ്രേക്ഷകരുടെ വലിയ പിന്തുണ ലഭിച്ചിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com