16
Friday
April 2021

ആലപ്പുഴ ബൈപാസിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: ബൈപാസിന്റെ ചില ഭാഗങ്ങളില്‍ സര്‍വ്വീസ്‌റോഡ് പൂര്‍ത്തിയാക്കാനും പദ്ധതിയുടെ ഭാഗമല്ലാതെ പോയ അധിക ജോലികള്‍ കൂടി പൂര്‍ത്തീകരിക്കാനും ആവശ്യമായ തുക കരാറിന്റെ തുടര്‍ച്ചയായി തന്നെ ചെയ്ത് തീര്‍ക്കുന്നതിന് കേന്ദ്രത്തില്‍ നിന്ന് പണം ആവശ്യപ്പെടാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബൈപാസിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തന്നതിന് കളക്ടറേറ്റില്‍ കൂടി ദേശിയപാത അതോറിട്ടിയും ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വലിയ പ്രോജക്ടുകള്‍ക്കെല്ലാം പദ്ധതിക്കനുവദിച്ച തുകയുടെ 10 ശതമാനം വരെ അധികമായി ചോദിക്കാനുള്ളത് അനുവദിക്കുന്നതിനും നിയമപരമായി തടസമില്ലായെന്ന് യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ബൈപാസിന്റെ കരാറിനുള്ളില്‍പ്പെടാതെ പോയ ചില ജോലികളും ബാക്കിയുള്ള സര്‍വ്വീസ് റോഡ് നിര്‍മ്മാണവും ഇത്തരത്തില്‍ അധിക തുകയ്ക്കുള്ളില്‍ ഉള്‍പ്പെടുത്തി ചെയ്യാനുള്ളത് യോഗം ചൂണ്ടിക്കാട്ടി.

ബൈപാസിന്റെ ഇരുവശവും 2.2 കിലോമീറ്റര്‍ നീളത്തില്‍ സര്‍വ്വീസ് റോഡ് നിര്‍മ്മിക്കേണ്ടതുണ്ടെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു. ഇത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഇരുഭാഗത്തുമുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുന്ന വിധത്തിലാവരുത് ബൈപാസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടത്. കളര്‍കോട്, കൊമ്മാടി, ഇ.എസ്.ഐ ജങ്ഷന്‍ എന്നിവിടങ്ങളില്‍ ശാസ്ത്രീയമായി ജങ്ഷന്‍ നിര്‍മ്മിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേന്ദ്രം ഈ പണി ചെയ്തില്ലെങ്കില്‍ പൊതുമരാമത്ത് വകുപ്പ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ബൈപാസിന്റെ ഒരു ഭാഗത്ത് ഇനിയും കീറാമുട്ടിയായിത്തുടരുന്ന ജല അതോറിട്ടിയുടെയും കെ.എസ്.ഇ.ബിയുടെയും ലൈന്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച തര്‍ക്കത്തിന് യോഗത്തില്‍ പരിഹാരമായി. വകുപ്പുകള്‍ തമ്മില്‍ ഇത്തരത്തില്‍ ഒഴിവുകള്‍ പറഞ്ഞ് മാറി നില്‍ക്കരുതെന്നും ജനതാത്പര്യം സംരക്ഷിക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും ബാധ്യതയുണ്ടെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. ജല അതോറിട്ടിയുടെ പൈപ്പ് ലൈന്‍ മാറ്റുന്നതിന് സംയുക്ത പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കി. കെ.എസ്.ഇ.ബി യോടും തൊട്ടടുത്ത ദിവസം ലൈന്‍ മാറ്റി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് തന്നെ അതിന് നടപടി തുടങ്ങും.

സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേയാണിതെന്നും കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പാതിവീതം പണം ചെലവഴിച്ച് ബൈപാസ് പണിയുമ്പോള്‍ പദ്ധതിയുടെ പുരോഗതിക്കിടെ സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പലതും പരിഗണിക്കപ്പെടാത്തതിലും മന്ത്രി അമര്‍ഷം രേഖപ്പെടുത്തി. ആകെ 6.8 കിലോമീറ്ററാണ് ബൈപാസിന്റെ നീളം. കരാറില്‍ത്തന്നെ ഉള്‍പ്പെടുത്തി ചെയ്യുന്നതിന് അംഗീകാരത്തിന് സമര്‍പ്പിച്ചിരുന്ന അധിക ജോലികള്‍ ഇതുവരെ പൂര്‍ത്തീകരിക്കാത്തതില്‍ മന്ത്രി ദേശീയപാത അധികൃതരെ അതൃപ്തി അറിയിച്ചു. ദേശീയപാതയക്ക് സാധാരണ സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കേണ്ടതില്ല. എന്നാല്‍ പണിമുടങ്ങരുതെന്നു കരുതിയാണ് 50 ശതമാനം തുക കേരളം നല്‍കുന്നത്. ഉപരിതല ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരി എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ദേശീയപാത അതോറിട്ടിയും അവര്‍ ഏര്‍പ്പെടുത്തുന്ന കരാറുകാരും സംസ്ഥാന സര്‍ക്കാരിന്റെ വേഗത്തിനൊപ്പം വരുന്നില്ലെന്നും മന്ത്രി ജി. സുധാകരന്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ ജില്ല കളക്ടര്‍ എസ്. സുഹാസ്, പൊതുമരാമത്ത് സ്‌പെഷ്യല്‍ സെക്രട്ടറി കെ.എന്‍. സതീശ്, ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍ അശോക് കുമാര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ്. സജീവ്, കരാറുകാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ അവലോകനയോഗത്തില്‍ സംസാരിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com